---
title: "നാടിനെ നടുക്കി കാട്ടാനക്കൂട്ടം; ജനവാസ മേഖലയിൽ രണ്ട് വീടുകൾ ഭാഗികമായി  തകർത്തു, വൻ കൃഷിനാശം"
english_title: "A herd of wild elephants partially destroyed two houses in a residential area, causing extensive damage to crops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364028/a-herd-of-wild-elephants-partially-destroyed-two-houses-in-a-residential-area-causing-extensive-damage-to-crops"
published_at: "2026-06-05T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22929f2e1b8_XDGH.jpg"
keywords: ["LATEST NEWS", "wild elephants", "MALAPPURAM"]
---

# നാടിനെ നടുക്കി കാട്ടാനക്കൂട്ടം; ജനവാസ മേഖലയിൽ രണ്ട് വീടുകൾ ഭാഗികമായി  തകർത്തു, വൻ കൃഷിനാശം

> **Lead Summary:** മലപ്പുറം: **[** വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. രണ്ട് വീടുകൾ ഭാഗികമായി തകർത്ത ആനക്കൂട്ടം മേഖലയിൽ വ്യാപക കൃഷിനാശവും വരുത്തി.

## Article Content

മലപ്പുറം: **[** വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. രണ്ട് വീടുകൾ ഭാഗികമായി തകർത്ത ആനക്കൂട്ടം മേഖലയിൽ വ്യാപക കൃഷിനാശവും വരുത്തി.

ആനമറിയിലെ മൊളയംപറമ്പിൽ സൈനബ, പുഞ്ചക്കൊല്ലി കുമാരദാസൻ എന്നിവരുടെ വീടുകളുടെ അടുക്കളഭാഗമാണ് കാട്ടാനക്കൂട്ടം തകർത്തത്. അകത്തുണ്ടായിരുന്ന അരി, പഞ്ചസാര, പലവ്യഞ്ജനങ്ങൾ എന്നിവ ആനകൾ തിന്നുകയും നശിപ്പിക്കുകയും ചെയ്തു. കുമാരദാസന്റെ വീടിന്റെ അടുക്കള രണ്ടാം തവണയാണ് ആനകൾ പൊളിക്കുന്നത്.

പൂവത്തിപ്പൊയിൽ ഡീസന്റ് കുന്നിലെ പുല്ലംതൊടി അബ്ദുൽ ജലീലിന്റെ തോട്ടത്തിലുണ്ടായിരുന്ന 700 വാഴകളിൽ 500-ഓളം വാഴകൾ ആനകൾ പാടെ നശിപ്പിച്ചു. രാമത്തുപറമ്പിൽ രാമചന്ദ്രന്റെ തെങ്ങ്, വാഴ, കമുക് എന്നിവയും പുലിയോടൻ ജാഫറിന്റെ കമുകുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.

നെല്ലിക്കുത്ത് വനാതിർത്തിയിൽ വനംവകുപ്പ് നിർമിച്ച സോളാർ തൂക്കുവേലി കഴിഞ്ഞ മാസത്തെ കാറ്റിൽ മരം വീണ് തകർന്നിരുന്നു. ഇതുവഴിയാണ് ഇപ്പോൾ ആനകൾ നാട്ടിലേക്കിറങ്ങുന്നത്. കൂടാതെ, ആനമറിയിലെ വനാതിർത്തിയിൽ 600 മീറ്ററോളം ദൂരത്തിൽ വേലി സ്ഥാപിച്ചിട്ടുമില്ല. ഇതിനായി വനംവകുപ്പ് ഫണ്ട് വകയിരുത്തി ഒരു വർഷമായിട്ടും നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.

കൃഷിനാശം സംഭവിച്ചയിടങ്ങളിൽ നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. രാജേഷിന്റെ നേതൃത്വത്തിൽ വനപാലകരെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നിയമനടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസം കാരണമാണ് നിർമാണം വൈകിയതെന്നും, ആനമറിയിൽ ശേഷിക്കുന്ന ഭാഗത്തെ സോളാർ തൂക്കുവേലി നിർമാണം വെള്ളിയാഴ്ചയോടെ ആരംഭിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364028/a-herd-of-wild-elephants-partially-destroyed-two-houses-in-a-residential-area-causing-extensive-damage-to-crops)