---
title: "ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കാറിൽ യാത്ര; വണ്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് 50.990 ഗ്രാം എംഡിഎംഎ, രണ്ടുപേർ അറസ്റ്റിൽ"
english_title: "Two people arrested with MDMA in a search conducted in Kozhikode district as part of Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364027/two-people-arrested-with-mdma-in-a-search-conducted-in-kozhikode-district-as-part-of-operation-toofan"
published_at: "2026-06-05T14:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22920e8ab30_mdma.jpg"
keywords: ["Latest News", "Operation Toofan", "MDMA", "Kozhikode"]
---

# ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കാറിൽ യാത്ര; വണ്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് 50.990 ഗ്രാം എംഡിഎംഎ, രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ തിരച്ചിലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്.

## Article Content

**കോഴിക്കോട്: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ തിരച്ചിലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്.

കോഴിക്കോട് സ്വദേശികളായ മുഖദാർ നൈനാം വളപ്പിൽ എൻ.വി.അബ്ബാസ്(44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി.സക്കീർ(31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ രണ്ടുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ബെംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഇത് ആർക്കെല്ലാം ആണ് വിൽപന നടത്തുന്നത് എന്നും മനസ്സിലാക്കി അന്വേഷണം ഇവരിലേക്കുകൂടി വ്യാപിപ്പിക്കും എന്ന് പൊലീസ് അറിയിച്ചു.

ബേപ്പൂർ എസ്ഐമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ, ഗ്രേഡ് എഎസ്ഐമാരായ ദീപ്തിലാൽ, അനൂപ്, സിപിഒ സുധീഷ് എന്നിവർ നടപടിക്രമങ്ങളിൽ പങ്കെടുത്തു.

ബെംഗളൂരുവിൽനിന്നും കാറിൽ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടു ലഹരിമരുന്ന് മാഫിയ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റിയുടെ മുക്കിലും മൂലയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി നിരവധി കേസുകളാണ് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364027/two-people-arrested-with-mdma-in-a-search-conducted-in-kozhikode-district-as-part-of-operation-toofan)