---
title: "ബ്യൂട്ടി കൂട്ടാൻ പോയി കിട്ടിയത് എട്ടിന്റെ പണി! ഇൻസ്റ്റഗ്രാം പരസ്യം കണ്ട് മൂക്ക് ഭംഗിയാക്കാൻ ശസ്ത്രക്രിയ നടത്തി; ഒരു വർഷമായിട്ടും തീരാവേദനയിൽ യുവതി"
english_title: "Woman in excruciating pain a year after nose surgery after seeing Instagram ad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364008/woman-in-excruciating-pain-a-year-after-nose-surgery-after-seeing-instagram-ad"
published_at: "2026-06-05T13:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228772de479_TRU.jpg"
keywords: ["Latest News", "Kochi", "Instagram Add", "Surgery", "Excruciating pain for a year"]
---

# ബ്യൂട്ടി കൂട്ടാൻ പോയി കിട്ടിയത് എട്ടിന്റെ പണി! ഇൻസ്റ്റഗ്രാം പരസ്യം കണ്ട് മൂക്ക് ഭംഗിയാക്കാൻ ശസ്ത്രക്രിയ നടത്തി; ഒരു വർഷമായിട്ടും തീരാവേദനയിൽ യുവതി

> **Lead Summary:** **കൊച്ചി: [**സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യം കണ്ട് മൂക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് സംഭവിച്ചത് ഗുരുതരമായ മെഡിക്കൽ പിഴവെന്ന് പരാതി.

## Article Content

**കൊച്ചി: [**സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യം കണ്ട് മൂക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് സംഭവിച്ചത് ഗുരുതരമായ മെഡിക്കൽ പിഴവെന്ന് പരാതി.

കൊച്ചി കടവന്ത്രയിലുള്ള ഡോ. നമ്പ്യാർ ക്ലിനിക്കിനെതിരെയാണ് വയനാട് സ്വദേശിനിയായ യുവതി നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മാറാത്ത കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും മൂലം ദുരിതമനുഭവിക്കുന്ന യുവതിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ വന്ന പരസ്യം കണ്ട് ആകൃഷ്ടയായാണ് യുവതി കടവന്ത്രയിലെ നമ്പ്യാർ ക്ലിനിക്കിനെ സമീപിക്കുന്നത്. മൂക്കിന്റെ ഭംഗി കൂട്ടുന്നതിനായി ഒന്നേകാൽ ലക്ഷം രൂപയോളം ചിലവഴിച്ചാണ് കഴിഞ്ഞ വർഷം ജൂൺ 23-ന് ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

എന്നാൽ സർജറി കഴിഞ്ഞത് മുതൽ മൂക്കിന് കടുത്ത വേദന ആരംഭിക്കുകയായിരുന്നു. നിർണ്ണായകമായ ഈ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ക്ലിനിക്കിൽ ഒരു ഇ.എൻ.ടി സർജന്റെയോ അല്ലെങ്കിൽ അനസ്തേഷ്യ വിദഗ്ദ്ധനായ ഡോക്ടറുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് യുവതി തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അസഹനീയമായതിനെ തുടർന്ന് യുവതി വീണ്ടും ക്ലിനിക്കിലെത്തി കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും, ഇവിടുത്തെ ഡോക്ടറായ വരുൺ നമ്പ്യാർ തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

പരസ്യങ്ങളിൽ വീണ് ഇത്തരത്തിലുള്ള ക്ലിനിക്കുകളിൽ എത്തുന്നവർ വലിയ കെണിയിലാണ് പെടുന്നതെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും വിശദീകരണം നൽകാൻ നമ്പ്യാർ ക്ലിനിക് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

കേസെടുത്ത പൊലീസ് ക്ലിനിക്കിന്റെ ലൈസൻസും ഡോക്ടർമാരുടെ യോഗ്യതയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364008/woman-in-excruciating-pain-a-year-after-nose-surgery-after-seeing-instagram-ad)