---
title: "കൊട്ടിയൂർ ക്ഷേത്രത്തിൽ 'ബാവലിക്കെട്ട്' വിവാദം; പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്, ഇല്ലാത്ത ആചാരം ഉണ്ടാക്കാൻ ശ്രമമെന്ന് വത്സൻ തില്ലങ്കേരി "
english_title: "Hindu Aikya Vedi says that there is an attempt to create a new custom called 'Bavalikattu' in connection with the Kottiyoor Vaishakh Mahotsavam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364004/hindu-aikya-vedi-says-that-there-is-an-attempt-to-create-a-new-custom-called-bavalikattu-in-connection-with-the-kottiyoor-vaishakh-mahotsavam"
published_at: "2026-06-05T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2284372f315_valsan_thillankeri.jpg"
keywords: ["Latest News", "Kottiyoor Temple", "Bavalikattu", "Valsan Thillankeri"]
---

# കൊട്ടിയൂർ ക്ഷേത്രത്തിൽ 'ബാവലിക്കെട്ട്' വിവാദം; പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്, ഇല്ലാത്ത ആചാരം ഉണ്ടാക്കാൻ ശ്രമമെന്ന് വത്സൻ തില്ലങ്കേരി 

> **Lead Summary:** **കണ്ണൂർ: **പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പുതിയതായി 'ബാവലിക്കെട്ട്' എന്നൊരു ആചാരം കെട്ടിച്ചമയ്ക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി.

## Article Content

**കണ്ണൂർ: **പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പുതിയതായി 'ബാവലിക്കെട്ട്' എന്നൊരു ആചാരം കെട്ടിച്ചമയ്ക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി.

കൊട്ടിയൂരിൽ നിലവിലില്ലാത്ത ആചാരങ്ങൾ ഉണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആരോപിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ 'നീരെഴുന്നള്ളത്ത്' ദിവസമാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടായത്.

തങ്ങൾ ഒരു പ്രത്യേക കുടുംബത്തിൽപ്പെട്ടവരാണെന്നും, ബാവലി പുഴയിലൂടെ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ പരമ്പരാഗത അവകാശമാണെന്നും വാദിച്ചാണ് ഒരു സംഘം ആളുകൾ ക്ഷേത്ര പരിസരത്ത് എത്തിയത്.

പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയവരുടെ പ്രവൃത്തികൾ നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ഉത്സവകാലത്ത് ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഇതിന് പിന്നിൽ വലിയ ദുരുദ്ദേശ്യങ്ങൾ നടക്കുന്നുണ്ട്.

അയൽസംസ്ഥാനമായ കർണാടകയിൽ നിന്നും മറ്റും ലക്ഷക്കണക്കിന് തീർത്ഥാടകർ കൊട്ടിയൂരിലേക്ക് എത്തുന്ന സാഹചര്യത്തെ മുതലെടുക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. ആചാരങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഇതരസംസ്ഥാന ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കമുണ്ട്.

കൊട്ടിയൂർ പെരുമാളുടെ ഉത്സവ ചടങ്ങുകളിലും ആചാരങ്ങളിലും അവകാശമുള്ളത് പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള 64 ഹൈന്ദവ സമുദായങ്ങൾക്ക് മാത്രമാണ്.

അതിൽ ഇല്ലാത്ത പുതിയ അവകാശവാദങ്ങളുമായി ആര് വന്നാലും അത് അനുവദിക്കില്ല. ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരപാരമ്പര്യങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, ഇത്തരം വ്യാജ അവകാശവാദങ്ങൾക്കെതിരെ ഭക്തജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364004/hindu-aikya-vedi-says-that-there-is-an-attempt-to-create-a-new-custom-called-bavalikattu-in-connection-with-the-kottiyoor-vaishakh-mahotsavam)