---
title: "കാണാതെ പോവരുത് ഈ ജീവിതം! ബൈപാസ് നിർമാണം വിനയായി; മുന്നൂറോളം വീടുകളിൽ വെള്ളക്കെട്ട്, ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ"
english_title: "Locals blockade Alappuzha bypass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363999/locals-blockade-alappuzha-bypass"
published_at: "2026-06-05T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a227d2893c89_ALAPPUZHA.jpg"
keywords: ["Latest News", "Alappuzha", "Locals Blockade Alappuzha Bypass", "Bypass Construction"]
---

# കാണാതെ പോവരുത് ഈ ജീവിതം! ബൈപാസ് നിർമാണം വിനയായി; മുന്നൂറോളം വീടുകളിൽ വെള്ളക്കെട്ട്, ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ

> **Lead Summary:** **ആലപ്പുഴ:[ (]** ബൈപാസ് നിർമാണത്തെത്തുടർന്ന് പ്രദേശത്തെ തോടുകൾ നികത്തിയതോടെ മുന്നൂറിലധികം വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആലപ്പുഴ ബൈപാസ് പൂർണ്ണമായും ഉപരോധിച്ചു.

## Article Content

**ആലപ്പുഴ:[ (]** ബൈപാസ് നിർമാണത്തെത്തുടർന്ന് പ്രദേശത്തെ തോടുകൾ നികത്തിയതോടെ മുന്നൂറിലധികം വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആലപ്പുഴ ബൈപാസ് പൂർണ്ണമായും ഉപരോധിച്ചു.

റോഡിൽ കുത്തിയിരുന്ന് നടത്തിയ ജനകീയ പ്രതിഷേധത്തെ തുടർന്ന് ബൈപാസിന്റെ ആറ് കിലോമീറ്ററോളം ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. വിവരമറിഞ്ഞ് പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി അടിയന്തര ചർച്ചകൾ നടത്തിവരികയാണ്.

മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സഹായിച്ചിരുന്ന സ്വാഭാവിക തോടുകൾ പൂർണ്ണമായും മൂടിക്കൊണ്ടാണ് ദേശീയപാത അതോറിറ്റി ഇവിടെ ഓടയും സർവീസ് റോഡും നിർമ്മിച്ചത്.

മൂന്ന് വർഷം മുൻപ് ബൈപാസ് നിർമാണത്തിനായി തോടുകൾ നികത്തിയപ്പോൾ ശാസ്ത്രീയമായ മറ്റ് ഓടകൾ നിർമ്മിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഇപ്പോൾ വൻ ദുരന്തമായി മാറിയിരിക്കുന്നത്.

ഇതിനുപുറമെ പ്രദേശത്തെ ചില സ്വകാര്യ വ്യക്തികൾ തോടുകൾ മൂടിയതും വെള്ളക്കെട്ടിന്റെ ആക്കം കൂട്ടി. കാലവർഷം കനത്തതോടെ വീടുകളിൽ ഒക്കൊപ്പം വെള്ളം കയറിയ സാഹചര്യത്തിലാണ്, വാടകവീടുകളിലേക്ക് മാറേണ്ടി വന്ന കുടുംബങ്ങൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ നിർബന്ധിതരായത്.

ശാശ്വത പരിഹാരമായി പുതിയ കാനകൾ നിർമ്മിച്ച് വെള്ളം ഒഴുക്കിക്കളയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363999/locals-blockade-alappuzha-bypass)