---
title: "മദ്യത്തിനോട് നോ പറയൂ, ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ഏഴ് തരം ക്യാൻസറുകൾ; കുടിയന്മാരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകാരോഗ്യ സംഘടന"
english_title: "A new study has been released that shows that even moderate alcohol consumption can lead to serious health problems."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363998/a-new-study-has-been-released-that-shows-that-even-moderate-alcohol-consumption-can-lead-to-serious-health-problems"
published_at: "2026-06-05T12:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a227b8131a96_DRINKING.jpg"
keywords: ["Latest News", "Health News", "Harmful Effects Of Alcohol Consumption"]
---

# മദ്യത്തിനോട് നോ പറയൂ, ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ഏഴ് തരം ക്യാൻസറുകൾ; കുടിയന്മാരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകാരോഗ്യ സംഘടന

> **Lead Summary:** **[**മദ്യപാനത്തിന് സുരക്ഷിതമായ അളവുകൾ ഒന്നുമില്ലെന്നും നേരിയ തോതിലുള്ള മദ്യപാനം പോലും ശരീരത്തെ ഗുരുതരമായ രോഗങ്ങളിലേക്ക് തള്ളിവിടുമെന്നും വ്യക്തമാക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്ത്.

## Article Content

**[**മദ്യപാനത്തിന് സുരക്ഷിതമായ അളവുകൾ ഒന്നുമില്ലെന്നും നേരിയ തോതിലുള്ള മദ്യപാനം പോലും ശരീരത്തെ ഗുരുതരമായ രോഗങ്ങളിലേക്ക് തള്ളിവിടുമെന്നും വ്യക്തമാക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്ത്.

പ്രമുഖ മെഡിക്കൽ മാസികയായ 'ജേർണൽ ഓഫ് ഹെപ്പറ്റോളജിയിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. മിതമായ അളവിൽ മദ്യപിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നോ, ദിവസവും ഒരു ഗ്ലാസ് വൈൻ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നോ ഉള്ള പരമ്പരാഗത ധാരണകൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ഈ പഠനം അടിവരയിടുന്നു.

മദ്യം ശരീരത്തിലെത്തുന്ന ആദ്യ അളവിൽ തന്നെ അപകടസാധ്യതകൾ ആരംഭിക്കുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുൻ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങളും.

വ്യക്തികളുടെ പ്രായം, ലിംഗഭേദം, ജനിതക ഘടന, നിലവിലുള്ള ആരോഗ്യസ്ഥിതി എന്നിവയ്ക്കനുസരിച്ച് രോഗങ്ങളുടെ തീവ്രത മാറാമെങ്കിലും, മദ്യത്തിന്റെ ഉപയോഗം ഏത് അളവിലായാലും ഡിഎൻഎയെ നശിപ്പിക്കുകയും ശരീരത്തിൽ വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസ്സും ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ലോകാരോഗ്യ സംഘടനയുടെ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ ആദ്യ പട്ടികയിലാണ് മദ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്തനാർബുദം, കരൾ, വൻകുടൽ, മലാശയം, വായ, തൊണ്ട, അന്നനാളം എന്നിങ്ങനെ ഏഴോളം പ്രധാന കാൻസറുകൾക്ക് മദ്യപാനം നേരിട്ട് കാരണമാകുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തിന് അത്ഭുതകരമായ പോസിറ്റീവ് മാറ്റങ്ങൾ കൈവരിക്കാനാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മദ്യപാനം നിർത്തുന്നത് വഴി രക്തസമ്മർദ്ദവും ട്രൈഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പിന്റെ അളവും നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കും.

ശരീരത്തിലെ പ്രധാന അവയവമായ കരളിന്റെ സുഗമമായ പ്രവർത്തനത്തെ വീണ്ടെടുക്കാനും ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ മാരകാവസ്ഥകളിൽ നിന്ന് രക്ഷനേടാനും ഇത് സഹായിക്കും.

അമിത വണ്ണവും ശരീരഭാരവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മദ്യം ഉപേക്ഷിക്കുന്നത് വലിയ തുണയാകും. ഉയർന്ന കലോറി അടങ്ങിയ ബിയർ, വൈൻ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതിലൂടെയും മദ്യം മൂലമുണ്ടാകുന്ന അമിത വിശപ്പ് തടയുന്നതിലൂടെയും ഭാരം എളുപ്പത്തിൽ നിയന്ത്രിക്കാം.

ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക നില മെച്ചപ്പെടുത്താനും മദ്യവർജ്ജനം അത്യന്താപേക്ഷിതമാണ്. വിഷാദം, അമിത ഉത്കണ്ഠ എന്നിവയിൽ നിന്ന് മോചനം നേടാനും കുടുംബ-ഔദ്യോഗിക ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും ഇത് വഴിയൊരുക്കും.

മദ്യം പ്രഥമദൃഷ്ട്യാ മയക്കം നൽകുമെങ്കിലും സ്വാഭാവികവും സുഖകരവുമായ ഉറക്കത്തെ അത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. രാത്രിയിലെ മദ്യപാനം പൂർണ്ണമായി ഒഴിവാക്കുന്നത് വഴി ആഴത്തിലുള്ള ഉറക്കം തിരികെ ലഭിക്കും.

കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്കത്തിന്റെ കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷിയും മോട്ടോർ സ്കില്ലുകളും മികച്ചതാക്കാനും മദ്യത്തിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റം കൊണ്ട് സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363998/a-new-study-has-been-released-that-shows-that-even-moderate-alcohol-consumption-can-lead-to-serious-health-problems)