---
title: "  മകനെ തൊട്ടാൽ കൊന്നുകളയും ....!  മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു, ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കീഴടങ്ങി "
english_title: "Husband beaten to death by wife while trying to stop son from being abused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363915/husband-beaten-to-death-by-wife-while-trying-to-stop-son-from-being-abused-NEW"
published_at: "2026-06-05T09:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06904cba022_crime.jpg"
keywords: ["Husband", "wife", "CRIME", "MURDER"]
---

#   മകനെ തൊട്ടാൽ കൊന്നുകളയും ....!  മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു, ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കീഴടങ്ങി 

> **Lead Summary:** **ഭോപ്പാൽ: ** മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു. നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാൽ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം .

## Article Content

**ഭോപ്പാൽ: ** മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു. നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാൽ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം .

സംഭവത്തിൽ ഭാര്യ നീലം കുശ്വാഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിനരികെ ഇരുന്ന യുവതി, പിന്നീട് ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ നാല് വർഷമായി ദീൻദയാലുമായി പിരിഞ്ഞ് സ്വന്തം കുടുംബവീട്ടിലായിരുന്നു നീലം താമസിച്ചിരുന്നത്. ജൂൺ ഒന്നിന് രാത്രിയോടെ മദ്യപിച്ചെത്തിയ ദീൻദയാൽ വീടിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറുകയും തങ്ങളുടെ മകനെ കാലുകളിൽ പിടിച്ച് തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു.

കുട്ടിയെ ഭർത്താവ് അപായപ്പെടുത്തുമെന്ന ഭയത്താൽ പ്രകോപിതയായ നീലം, സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ദീൻദയാലിനെ അടിക്കുകയായിരുന്നു. ആദ്യ അടിയേറ്റയുടൻ ഇയാൾ കട്ടിലിലേക്ക് വീണെങ്കിലും നീലം അടിക്കുന്നത് തുടർന്നു.

ഗുരുതരമായി പരിക്കേറ്റ ദീൻദയാൽ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതിന് പിന്നാലെ ഭയന്നുപോയ നീലം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെയിരുന്നു. തുടർന്ന് പുലർച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ യുവതി പ്രാർത്ഥിച്ച ശേഷമാണ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെത്തിയത്.

താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വിവരം ഇവർ സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിലെ കട്ടിലിൽ കിടക്കുന്ന നിലയിൽ ദീൻദയാലിന്റെ മൃതദേഹം കണ്ടെടുത്തു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണപ്പെട്ട ദീൻദയാൽ മുൻപും ഭാര്യയെയും കുട്ടിയെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സിവിൽ ലൈൻസ് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363915/husband-beaten-to-death-by-wife-while-trying-to-stop-son-from-being-abused-NEW)