---
title: "പാഠഭാഗങ്ങൾ തീരില്ല; സ്കൂളുകളിൽ പഠനം മുടങ്ങും, വിദ്യാർഥികൾക്ക് പാദവാർഷികപ്പരീക്ഷ കടുത്ത 'പരീക്ഷണമാകും'"
english_title: "A situation where students have to write the first quarter annual exam even before the lessons are taught"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363905/a-situation-where-students-have-to-write-the-first-quarter-annual-exam-even-before-the-lessons-are-taught"
published_at: "2026-06-05T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224b9486d54_2.jpg"
keywords: ["Latest News", "Kollam", "Quarterly Examination", "Studies Will Be Suspended In Schools"]
---

# പാഠഭാഗങ്ങൾ തീരില്ല; സ്കൂളുകളിൽ പഠനം മുടങ്ങും, വിദ്യാർഥികൾക്ക് പാദവാർഷികപ്പരീക്ഷ കടുത്ത 'പരീക്ഷണമാകും'

> **Lead Summary:** **കൊല്ലം: [ **പുതിയ പരീക്ഷാ കലണ്ടർ പ്രകാരം സ്കൂളുകളിൽ നിശ്ചിത പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കുന്നതിന് മുൻപ് തന്നെ വിദ്യാർഥികൾ ഒന്നാം പാദവാർഷികപ്പരീക്ഷ എഴുതേണ്ടി വരുന്ന ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്.

## Article Content

**കൊല്ലം: [ **പുതിയ പരീക്ഷാ കലണ്ടർ പ്രകാരം സ്കൂളുകളിൽ നിശ്ചിത പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കുന്നതിന് മുൻപ് തന്നെ വിദ്യാർഥികൾ ഒന്നാം പാദവാർഷികപ്പരീക്ഷ എഴുതേണ്ടി വരുന്ന ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്.

സെൻസസ് പ്രവർത്തനങ്ങൾക്കായി അധ്യാപകർ ഒരു മാസത്തോളം സ്കൂളുകളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നതാണ് അധ്യയനം പൂർണ്ണമായും താറുമാറാക്കുന്നത്. വിരമിച്ചവർക്ക് പകരം സ്ഥിരം അധ്യാപകരെ നിയമിക്കാത്തതും താല്കാലിക അധ്യാപകരുടെ നിയമന നടപടികൾ വൈകുന്നതും കാരണം പല സ്കൂളുകളിലും ജൂൺ പകുതിയായിട്ടും പൂർണ്ണതോതിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

ഇതിനുപുറമെ, വരും ദിവസങ്ങളിൽ കാലവർഷം കനത്താൽ പലയിടങ്ങളിലും അധ്യയന ദിവസങ്ങൾ ഇനിയും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ജൂൺ 19 മുതൽ മൂന്ന് ദിവസത്തെ സെൻസസ് പരിശീലനത്തിനു ശേഷം, ജൂലൈ ഒന്നു മുതൽ ഒരു മാസക്കാലം അധ്യാപകർക്ക് സ്കൂളിലെത്താൻ കഴിയില്ല.

ജൂണിലും ജൂലൈയിലുമായി ലഭിക്കുന്ന നാൽപ്പതിനടുത്ത് അധ്യയന ദിവസങ്ങൾ കൊണ്ട് പാഠഭാഗങ്ങൾ തീർക്കുക എന്നത് അധ്യാപകർക്ക് അസാധ്യമാകും. ഒപ്പം, അധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൂടി നടപ്പാക്കുമ്പോൾ പഠനദിവസങ്ങൾ വീണ്ടും കുറയും.

ഓഗസ്റ്റ് 13-നാണ് ഇത്തവണത്തെ പരീക്ഷകൾ ആരംഭിക്കുന്നത്. അധ്യയനവർഷത്തിന്റെ തുടക്കത്തിൽത്തന്നെ അധ്യാപകർ കൂട്ടത്തോടെ മാറിനിൽക്കുന്ന സാഹചര്യത്തിൽ, പാഠ്യപദ്ധതി പുതുക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാതിരുന്നാൽ ഈ ഒന്നാം പാദവാർഷികപ്പരീക്ഷ വിദ്യാർഥികൾക്ക് വലിയൊരു പരീക്ഷണമായി മാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363905/a-situation-where-students-have-to-write-the-first-quarter-annual-exam-even-before-the-lessons-are-taught)