---
title: "   ഇനിയിപ്പോൾ വിത്ത് മുളച്ചതാണോ? കോട്ടയം ജില്ലാ ആശുപത്രി വളപ്പിലെ ഔഷധത്തോട്ടത്തിൽ കഞ്ചാവ് ചെടി, ആദ്യം കണ്ടത് ആശുപത്രിയിലെത്തിയ യുവാവ് "
english_title: "Cannabis plant in the medicinal garden on the Kottayam District Hospital premises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363903/cannabis-plant-in-the-medicinal-garden-on-the-kottayam-district-hospital-premises"
published_at: "2026-06-05T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224c4098fea_GANJA.jpg"
keywords: []
---

#    ഇനിയിപ്പോൾ വിത്ത് മുളച്ചതാണോ? കോട്ടയം ജില്ലാ ആശുപത്രി വളപ്പിലെ ഔഷധത്തോട്ടത്തിൽ കഞ്ചാവ് ചെടി, ആദ്യം കണ്ടത് ആശുപത്രിയിലെത്തിയ യുവാവ് 

> **Lead Summary:** **കോട്ടയം : ** കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ കണ്ണ് പരിശോധനാ കേന്ദ്രത്തിനും സൂപ്രണ്ട് ഓഫീസിനും സമീപം രണ്ടുമാസത്തോളമായി വളർന്ന ആറ് സെന്റീമീറ്ററിലധികം ഉയരമുള്ള ചെടിയാണ് വ്യാഴാഴ്ച ഉച്ചയോടെ എക്‌സൈസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.

## Article Content

**കോട്ടയം : ** കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധസസ്യ തോട്ടത്തിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ കണ്ണ് പരിശോധനാ കേന്ദ്രത്തിനും സൂപ്രണ്ട് ഓഫീസിനും സമീപം രണ്ടുമാസത്തോളമായി വളർന്ന ആറ് സെന്റീമീറ്ററിലധികം ഉയരമുള്ള ചെടിയാണ് വ്യാഴാഴ്ച ഉച്ചയോടെ എക്‌സൈസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയിലെത്തിയ ഒരു യുവാവാണ് ചെടി ആദ്യം കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗത്തെ വിവരം അറിയിച്ചു. ചെടിയുടെ ചിത്രം പകര്‍ത്തി എക്‌സൈസ് ഉദ്യോഗസ്ഥനായ എം പ്രവീണ്‍ ശിവാനന്ദന് അയച്ചുനല്‍കി. ഇതോടെ ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്ന്, കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആശുപത്രിയില്‍ എത്തിയവർ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചപ്പോള്‍ വിത്ത് മുളച്ചതാകാമെന്ന്‌ എക്‌സൈസ് പറഞ്ഞു.

എന്നാല്‍, രണ്ട് മാസത്തോളം നീണ്ട വേനല്‍ക്കാലത്ത് വെള്ളം ഒഴിച്ചു നല്‍കി ആരെങ്കിലും വളർത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363903/cannabis-plant-in-the-medicinal-garden-on-the-kottayam-district-hospital-premises)