---
title: "ഇനി എന്ത് ചെയ്യും? അതിഥിത്തൊഴിലാളികൾ തിരിച്ചെത്തിയില്ല; നിർമാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം, പ്രതിസന്ധിയിൽ കരാറുകാർ"
english_title: "The failure of migrant workers to return home is putting the construction sector in a major crisis in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363901/the-failure-of-migrant-workers-to-return-home-is-putting-the-construction-sector-in-a-major-crisis-in-kerala"
published_at: "2026-06-05T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2249823d5e1_1.jpg"
keywords: ["Latest News", "Muvattupuzha", "Guest Worker Shortage", "Contractors In Crisis"]
---

# ഇനി എന്ത് ചെയ്യും? അതിഥിത്തൊഴിലാളികൾ തിരിച്ചെത്തിയില്ല; നിർമാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം, പ്രതിസന്ധിയിൽ കരാറുകാർ

> **Lead Summary:** **മൂവാറ്റുപുഴ: [** ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ കടുത്ത ക്ഷാമവും കേരളത്തിലെ നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു.

## Article Content

**മൂവാറ്റുപുഴ: [** ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ കടുത്ത ക്ഷാമവും കേരളത്തിലെ നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോയ തൊഴിലാളികളിൽ കേവലം 40 ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലം ആരംഭിച്ചതും അവിടെത്തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായതുമാണ് തൊഴിലാളികൾ കേരളത്തിലേക്ക് മടങ്ങുന്നതിന് വിമുഖത കാണിക്കാൻ കാരണം.

ഇതോടെ വൻകിട വികസന പദ്ധതികൾ മുതൽ സാധാരണക്കാരുടെ ഭവന നിർമാണങ്ങൾ വരെ പാതിവഴിയിൽ സ്തംഭിച്ച അവസ്ഥയിലാണ്. കഠിനമായ നിർമാണ ജോലികൾക്ക് മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ, ലഭ്യമായ അതിഥിത്തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതും കരാറുകാർക്കും സാധാരണക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു.

തൊഴിലാളികളുടെ ക്ഷാമം മൂലം കൃത്യസമയത്ത് പണികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വൻ തുക പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് കരാറുകാർ. ഇതിനുപുറമെ ഇന്ധനവിലയും നിർമാണ സാമഗ്രികളുടെ വിലയും കുതിച്ചുയരുന്നതും ഈ മേഖലയ്ക്ക് ഇരട്ടപ്രഹരമാകുന്നുണ്ട്.

പൊതുമരാമത്ത് പ്രവൃത്തികൾ, തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് നിർമാണങ്ങൾ, സ്വകാര്യ കെട്ടിട നിർമാണങ്ങൾ എന്നിവയെല്ലാം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ, ലേബർ ബാങ്കുകൾ സ്ഥാപിച്ച് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കണമെന്നും, കൃത്യമായ തിരിച്ചറിയൽ രേഖകളുള്ള തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് കരാറുകാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363901/the-failure-of-migrant-workers-to-return-home-is-putting-the-construction-sector-in-a-major-crisis-in-kerala)