---
title: "പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്"
english_title: "College Teacher Found Murdered In Flat Locked From Outside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363881/college-teacher-found-murdered-in-flat-locked-from-outside"
published_at: "2026-06-05T06:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a221c37730aa_found_dead_teacher.jpg"
keywords: ["Latesr News", "Found Dead", "Crime", "College Teacher", "Complaint", "New Delhi"]
---

# പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** ദില്ലി: ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്.

## Article Content

ദില്ലി: ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്.

വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസം. ഭർത്താവ് ബെംഗളൂരുവിലാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ദില്ലിയിലെ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നത്. ദേവോസ്മിതയുടെ സഹോദരിയായ ദേവാരതി പോൾ ആണ് തന്റെ സഹോദരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. രാവിലെ മുതൽ ദേവോസ്മിതയുടെ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൂടാതെ ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് എന്തോ അപകടം സംഭവിച്ചതായി ഭയം തോന്നി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദേവാരതി മൊഴി നൽകി.

ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബിഎൻഎസിലെ 103 (1) വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363881/college-teacher-found-murdered-in-flat-locked-from-outside)