---
title: "ആശുപത്രി കൃഷിത്തോട്ടത്തിൽ 'ആഗോള' പരിസ്ഥിതി ദിനാചരണം; വിദേശികളുടെ മനം കവർന്ന് കപ്പയും ചമ്മന്തിയും"
english_title: "Foreigners seeking treatment celebrated a special Environment Day at the Aluva Rajagiri Hospital's farm."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363858/foreigners-seeking-treatment-celebrated-a-special-environment-day-at-the-aluva-rajagiri-hospitals-farm"
published_at: "2026-06-04T20:40:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2195cb33df9_Aluva.jpg"
keywords: ["Latest News", "Environment Day", "Aluva Rajagiri Hospital"]
---

# ആശുപത്രി കൃഷിത്തോട്ടത്തിൽ 'ആഗോള' പരിസ്ഥിതി ദിനാചരണം; വിദേശികളുടെ മനം കവർന്ന് കപ്പയും ചമ്മന്തിയും

> **Lead Summary:** **ആലുവ: **ചികിത്സ തേടിയെത്തിയ വിദേശികൾ ആലുവ രാജഗിരി ആശുപത്രിയിലെ കൃഷിത്തോട്ടത്തിൽ വേറിട്ടൊരു പരിസ്ഥിതി ദിനാചരണം നടത്തി.

## Article Content

**ആലുവ: **ചികിത്സ തേടിയെത്തിയ വിദേശികൾ ആലുവ രാജഗിരി ആശുപത്രിയിലെ കൃഷിത്തോട്ടത്തിൽ വേറിട്ടൊരു പരിസ്ഥിതി ദിനാചരണം നടത്തി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കേരളതനിമയിൽ പാള തൊപ്പികൾ ധരിച്ചാണ് അവർ എത്തിയത്. ഒമാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ 12 ഓളം വിദേശ രാജ്യങ്ങളിൽ നിന്നുളളവർ പങ്കെടുത്തു.

ആശുപത്രിയോട് ചേർന്ന കൃഷിതോട്ടത്തിൽ നിന്ന് റംബൂട്ടാനും, ചാമ്പക്കയും നേരിട്ട് വിളവെടുക്കാനും, ആ നിമിഷങ്ങൾ സെൽഫിയിൽ പകർത്താനുമായിരുന്നു പലരും ശ്രമിച്ചത്.

രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ നേതൃത്വം നൽകി. ഇവർ നട്ടത് കേവലം വൃക്ഷത്തൈകളല്ല, ആഗോള സൗഹൃദത്തിന്റെയും കരുതലിന്റെയും പച്ചപ്പുള്ള ഓർമ്മകളാണെന്ന് ഫാ. ജോയ് കിളിക്കുന്നേൽ പറഞ്ഞു.

ചികിത്സയോടൊപ്പം തന്നെ രോഗമുക്തിക്ക് പച്ചപ്പ് നിറഞ്ഞ ശാന്തമായ ചുറ്റുപാടും പ്രധാനമാണെന്ന് പരിപാടിയിൽ പങ്കെടുത്ത ന്യൂസിലാൻഡ് സ്വദേശി പീറ്റർ ചാൾസ് അഭിപ്രായപ്പെട്ടു. പങ്കെടുത്തവർക്കായി കേരളത്തിന്റെ തനത് രുചിയായ 'കപ്പയും ചമ്മന്തിയും' ആണ് വിളമ്പിയത്. ആദ്യമായി കഴിക്കുന്ന കപ്പയുടെയും ചമ്മന്തിയുടെയും സ്വാദ് വിദേശികളുടെ മനം കവർന്നു.

നല്ല മരുന്നുകൾക്കൊപ്പം മനസ്സിന് കുളിർമയേകുന്ന അന്തരീക്ഷവും രോഗശാന്തി വേഗത്തിലാക്കുമെന്ന് എടത്തല പഞ്ചായത്ത് കൃഷിവകുപ്പ് ഓഫീസർ ആശ രാജ് പറഞ്ഞു. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, നഴ്സിംഗ് ഡയറക്ടർ ലിമ മാത്യൂസ്, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363858/foreigners-seeking-treatment-celebrated-a-special-environment-day-at-the-aluva-rajagiri-hospitals-farm)