---
title: "ഇവരൊക്കെയാണ് റിയൽ ലൈഫ് ഹീറോസ്! ആംബുലൻസ് വരാത്ത ദുർഘടപാതയിലൂടെ രോഗിയെ ചുമലിലേറ്റി യുവാക്കൾ ഓടിയത് അരക്കിലോമീറ്റർ"
english_title: "Haripad patient carried half a kilometer through difficult terrain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363772/haripad-patient-carried-half-a-kilometer-through-difficult-terrain"
published_at: "2026-06-04T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21373309468_17.jpg"
keywords: ["Latest News", "Harippadu", "Real Life Heroes"]
---

# ഇവരൊക്കെയാണ് റിയൽ ലൈഫ് ഹീറോസ്! ആംബുലൻസ് വരാത്ത ദുർഘടപാതയിലൂടെ രോഗിയെ ചുമലിലേറ്റി യുവാക്കൾ ഓടിയത് അരക്കിലോമീറ്റർ

> **Lead Summary:** **ഹരിപ്പാട്: [ **കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ഇടുങ്ങിയ വഴികളിലൂടെ രോഗിയെ കൈയിലേന്തി യുവാക്കൾ താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിൽ നടന്ന ഈ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

## Article Content

**ഹരിപ്പാട്: [ **കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ഇടുങ്ങിയ വഴികളിലൂടെ രോഗിയെ കൈയിലേന്തി യുവാക്കൾ താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിൽ നടന്ന ഈ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് (70) ബ്രദേഴ്സ് ക്ലബിലെ യുവാക്കൾ സന്ദർഭോചിതമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെടുത്തിയത്.

കഴിഞ്ഞദിവസം രാവിലെ പത്തോടെ രാമൻകുട്ടിക്ക് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ഭാര്യ ഉടൻ തന്നെ വാർഡ് മെമ്പർ വർഗീസിനെ വിവരമറിയിച്ചു.

മെമ്പർ ഉടനടി 108 ആംബുലൻസ് ലഭ്യമാക്കിയെങ്കിലും, ഇടുങ്ങിയ നടപ്പാതയും വഴിയിലെ ഇലക്ട്രിക് പോസ്റ്റും കാരണം രോഗിയുടെ വീടിരിക്കുന്ന ആറ്റുതിട്ടയിലേക്ക് വണ്ടിയെത്തുക അസാധ്യമായിരുന്നു.

രാമൻകുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ അവശേഷിച്ച ജലമാർഗത്തിലൂടെ ചെറുവള്ളത്തിൽ കൊണ്ടുപോകുന്നതും സുരക്ഷിതമായിരുന്നില്ല. തുടർന്ന് വാർഡ് മെമ്പർ വർഗീസ് പ്രാദേശിക കൂട്ടായ്മയായ ബ്രദേഴ്സ് ക്ലബിലെ യുവാക്കളെ വിവരമറിയിക്കുകയായിരുന്നു.

നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ ക്ലബ് അംഗങ്ങളായ ഷിബിൻ, ലിബിൻ, ചാർലി, ഷിബു, സന്തോഷ്, പ്രിൻസ്, മിജുൻ, എബി, കുട്ടാച്ചൻ, സൻജോ, ജീസു, റെനി എന്നിവർ ഒട്ടും സമയം കളയാതെ രോഗിയെ കസേരയിലിരുത്തി തോളിലേറ്റി.

ഏറെ തടസങ്ങൾ നിറഞ്ഞ വഴിയിലൂടെ അതീവ ജാഗ്രതയോടെ 500 മീറ്ററോളം ദൂരം നടന്നാണ് ഇവർ രാമൻകുട്ടിയെ ആംബുലൻസിൽ എത്തിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാമൻകുട്ടി നിലവിൽ അപകടാവസ്ഥ തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി വാർഡ് മെമ്പർ അറിയിച്ചു.

യുവാക്കളുടെ ഈ മാതൃകാപരമായ രക്ഷാപ്രവർത്തനത്തിന് നാടൊട്ടുക്കും അഭിനന്ദനപ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363772/haripad-patient-carried-half-a-kilometer-through-difficult-terrain)