---
title: "ഉളുപ്പ് ഇറുക്കാ... റസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പറിച്ച് പ്ലേറ്റിലിട്ട യുവതി സിസിടിവിയിൽ കുടുങ്ങി"
english_title: "Footage of a woman trying to cheat by pulling out her own hair and putting it on a plate to avoid paying for a meal she ate at a restaurant has emerged."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363761/footage-of-a-woman-trying-to-cheat-by-pulling-out-her-own-hair-and-putting-it-on-a-plate-to-avoid-paying-for-a-meal-she-ate-at-a-restaurant-has-emerged"
published_at: "2026-06-04T13:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a212ceae62de_UK.jpg"
keywords: ["Latest News", "UK", "CCTV", "Restaurant"]
---

# ഉളുപ്പ് ഇറുക്കാ... റസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പറിച്ച് പ്ലേറ്റിലിട്ട യുവതി സിസിടിവിയിൽ കുടുങ്ങി

> **Lead Summary:** **ലണ്ടൻ: **റസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പറിച്ച് പ്ലേറ്റിലിട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങൾ പുറത്ത്.

## Article Content

**ലണ്ടൻ: **റസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സ്വന്തം തലമുടി പറിച്ച് പ്ലേറ്റിലിട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങൾ പുറത്ത്.

യുകെയിലെ 'ദി വൂൾപാക്ക്' (The Woolpack) എന്ന പ്രശസ്തമായ റെസ്റ്റോറന്റിലാണ് സംഭവം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് റെസ്റ്റോറന്റ് അധികൃതരെയും ജീവനക്കാരെയും പറ്റിക്കാൻ നോക്കിയത്.

കുട്ടിക്കായി ഓർഡർ ചെയ്ത മക്രോണി ചീസിനുള്ളിൽ (Macaroni Cheese) നിന്ന് മുടി കിട്ടിയെന്നായിരുന്നു യുവതിയുടെ പരാതി. ഉടൻ തന്നെ ജീവനക്കാരെ വിളിച്ച് ഇവർ ചൂടാവുകയും പ്ലേറ്റ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.

റെസ്റ്റോറന്റ് ജീവനക്കാർ ഒട്ടും സമയം കളയാതെ ക്ഷമാപണം നടത്തുകയും, ആ പ്ലേറ്റ് മാറ്റി പുതിയ ഫ്രഷ് ഭക്ഷണം പാകം ചെയ്ത് നൽകുകയും ചെയ്തു. കുട്ടി ആദ്യത്തെ പ്ലേറ്റിലെ ഭക്ഷണം ഭൂരിഭാഗവും കഴിച്ചുതീർത്തിരുന്നതിനാൽ, രണ്ടാമത് നൽകിയ ഫ്രഷ് ഭക്ഷണം ഇവർ വീട്ടിലേക്ക് പാർസൽ വാങ്ങി കൊണ്ടുപോവുകയാണ് ചെയ്തത്.

ഇതിനുശേഷം ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയത്. യുവതി സ്വന്തം തലയിൽ നിന്ന് മുടി പറിച്ച് പ്ലേറ്റിലേക്ക് ഇടുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു.

ഇതോടെ ഭക്ഷണം ഫ്രീയായി തട്ടിയെടുക്കാൻ യുവതി മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തിയ നാടകമായിരുന്നു ഇതെന്ന് ബോധ്യപ്പെട്ടു. റെസ്റ്റോറന്റ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

യുവതിയുടെ തട്ടിപ്പ് മുടിയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് റെസ്റ്റോറന്റ് അധികൃതർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസത്തോടെ കുറിച്ചു.

സിസിടിവി പരിശോധിച്ചപ്പോൾ മേശപ്പുറത്തിരുന്ന കെച്ചപ്പ് (Ketchup) ബോട്ടിൽ, ഐസ്ക്രീം ബൗൾ, സ്റ്റെയിൻലെസ് സ്റ്റീൽ ടീസ്പൂൺ എന്നിവയും ഇവർ രഹസ്യമായി ബാഗിലിട്ടതായി കണ്ടെത്തി.

> "കെച്ചപ്പിന്റെ ആകർഷണവും സ്റ്റീൽ സ്പൂണിന്റെ ഭംഗിയും ഞങ്ങൾക്ക് മനസ്സിലാകും, എങ്കിലും ഓർമ്മിപ്പിക്കട്ടെ, ഇതൊന്നും ഞങ്ങളുടെ ടേക്ക് എവേ (Takeaway) മെനുവിൽ ഉള്ളതല്ല" - റെസ്റ്റോറന്റ് അധികൃതർ കുറിച്ചു.

പ്രതിസന്ധി ഘട്ടത്തിലും വളരെ പ്രൊഫഷണലായും സഹിഷ്ണുതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത തങ്ങളുടെ ജീവനക്കാരെ റെസ്റ്റോറന്റ് മാനേജ്‌മെന്റ് അഭിനന്ദിച്ചു. തട്ടിപ്പുകാരിയായ യുവതിയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കള്ളത്തരം കയ്യോടെ പിടികൂടി പുറത്തുവിട്ട റെസ്റ്റോറന്റിന്റെ നിലപാടിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363761/footage-of-a-woman-trying-to-cheat-by-pulling-out-her-own-hair-and-putting-it-on-a-plate-to-avoid-paying-for-a-meal-she-ate-at-a-restaurant-has-emerged)