---
title: " 'എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്'; വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ"
english_title: "Screenshot of Kafir in Vadakara, on CPM leader's Facebook page"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363736/screenshot-of-kafir-in-vadakara-on-cpm-leaders-facebook-page"
published_at: "2026-06-04T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21189b4a45c_KAFIR.jpg"
keywords: ["Kafir  Screenshot", "Vatakara", "CPM Leader", "Facebook Page"]
---

#  'എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്'; വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ

> **Lead Summary:** **കോഴിക്കോട്: ** വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ ഫേസ്ബുക്ക് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാൾക്കെതിരെ യുത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല.

## Article Content

**കോഴിക്കോട്: ** വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ ഫേസ്ബുക്ക് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാൾക്കെതിരെ യുത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല.

കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ എസ് ഐ ടി അന്വേഷണം മൂലം കഴിയുമെന്ന് കേസില്‍ ഇരയാക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിം പറഞ്ഞു.

2024 ഏപ്രിൽ 25ന് പോസ്റ്റ് ചെയ്ത സ്ക്രീൻ ഷോട്ട് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. ''എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്. വടകരയുടെ മണ്ണ് മതനിരപേക്ഷതയുടേതാണ് അത് വടകരക്കാർ ടീച്ചറെ വിജയിപ്പിച്ച് തെളിയിക്കുക തന്നെ ചെയ്യും'' എന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിൽ എസ്‌ഐടി അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രക്കാണ് മേൽനോട്ടച്ചുമതല.

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച കാസിം ഫോൺ പൊലീസിന് കൈമാറി. തുടരന്വേഷണത്തിൽ സിപിഎം അനുകൂല സൈബർ പേജുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തി.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ആദ്യം സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഇതിൽ തുടർനടപടികളുണ്ടായില്ല.

പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363736/screenshot-of-kafir-in-vadakara-on-cpm-leaders-facebook-page)