---
title: "ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന്  കെ എന്‍ ബാലഗോപാല്‍,  രഹസ്യവിവരങ്ങൾ പുറത്തുപോയിട്ടില്ല, യഥാർത്ഥ ചിത്രം ജനങ്ങളറിയണമെന്ന് മുഖ്യമന്ത്രി"
english_title: "UDF government releases white paper VDSATHEESAN  K.N. Balagopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363709/udf-government-releases-white-paper-vdsatheesan-kn-balagopal"
published_at: "2026-06-04T10:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2106f404ce2_VD.jpg"
keywords: []
---

# ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന്  കെ എന്‍ ബാലഗോപാല്‍,  രഹസ്യവിവരങ്ങൾ പുറത്തുപോയിട്ടില്ല, യഥാർത്ഥ ചിത്രം ജനങ്ങളറിയണമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ധവളപത്രം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനത്തെ ഏര്‍പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല്‍ തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'നിയമപരമായ പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കടുത്ത ചട്ടലംഘനമാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.

അത്തരമൊരു രേഖ സഭാ നടപടികളുടെ ഭാഗമാകാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ ഇത്തരം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് സഭാരേഖകളുടെ ഭാഗമാക്കാന്‍ അനുവദിച്ചുകൂടാ', എന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

എന്നാല്‍ ബാലഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള ഒരു വിവരവും പുറത്തുപോയിട്ടില്ല. ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയണം എന്നും വി ഡി സതീശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363709/udf-government-releases-white-paper-vdsatheesan-kn-balagopal)