---
title: "'മോദി ഒരു വർഷത്തിനുള്ളിൽ താഴെവീഴും, വരുന്നത് സാമ്പത്തിക സുനാമി'; മോദിക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി രാഹുൽ"
english_title: "Rahul makes harsh revelations against Modi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363694/rahul-makes-harsh-revelations-against-modi"
published_at: "2026-06-04T09:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20fa7a596e0_modi_and_rahul.jpg"
keywords: ["Latest News", "Rahul Against Modi", "Newdelhi", "Narendra Modi Government"]
---

# 'മോദി ഒരു വർഷത്തിനുള്ളിൽ താഴെവീഴും, വരുന്നത് സാമ്പത്തിക സുനാമി'; മോദിക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി രാഹുൽ

> **Lead Summary:** **ന്യൂഡല്‍ഹി:[ **രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പ്രവചനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

## Article Content

**ന്യൂഡല്‍ഹി:[ **രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പ്രവചനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ വരും മാസങ്ങളിൽ കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മോദിക്ക് അധികാരം നഷ്ടപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ ആദിവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു രാഹുലിന്റെ ഈ വമ്പൻ പ്രസ്താവനകൾ. രാജ്യം ഇതുവരെ കാണാത്ത രീതിയിലുള്ള അതിരൂക്ഷമായ വിലക്കയറ്റത്തിലേക്കാണ് പോകുന്നതെന്നും, ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ ഒരു 'സാമ്പത്തിക സുനാമി' ഇന്ത്യയെ കാത്തിരിപ്പുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വരാനിരിക്കുന്ന ശക്തമായ പൊതുജന സമ്മര്‍ദത്തെ നേരിടാൻ മോദി സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മോദിയുടെ കടുപ്പമേറിയ നിയന്ത്രണത്തിലായിരുന്ന പല ഭരണഘടനാ സംവിധാനങ്ങളും ഇപ്പോള്‍ വലിയ തകര്‍ച്ചയിലാണെന്നും അതിനുള്ളിൽ തന്നെ വലിയ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി സമൂഹത്തെ ബിജെപിയും ആർഎസ്എസും നിരന്തരം അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ആദിവാസികളെ വെറും കാട്ടിൽ ജീവിക്കുന്നവരാക്കി ചിത്രീകരിക്കാനാണ് ബിജെപി 'വനവാസി' എന്ന വാക്ക് ഉപയോഗിക്കുന്നത്.

ഈ പ്രയോഗത്തിലൂടെ അവരുടെ ചരിത്രവും സംസ്കാരവും ഭാഷയും ഇല്ലാതാക്കാനാണ് ശ്രമം. എന്നാൽ ആദിവാസികൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിധിയാണെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.

ഇതുകൂടാതെ, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മുതിർന്ന ജുഡീഷ്യൽ അംഗങ്ങൾ, ഇന്റലിജന്റ്‌സ് മേധാവികൾ എന്നിവരിൽ നിന്ന് പോലും തങ്ങൾക്ക് പല നിർണായക സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363694/rahul-makes-harsh-revelations-against-modi)