---
title: "വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റ്; അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും, വൈഭവ് ഇന്ത്യൻ ടി20 ടീമിലേക്കോ?"
english_title: "Indian squad for Ireland, England T20 series to be announced on Saturday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363691/indian-squad-for-ireland-england-t20-series-to-be-announced-on-saturday"
published_at: "2026-06-04T09:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20f8bf24a7d_vybhav.jpg"
keywords: ["Latest News", "England T20 series", "Team", "Sports"]
---

# വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റ്; അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും, വൈഭവ് ഇന്ത്യൻ ടി20 ടീമിലേക്കോ?

> **Lead Summary:** **മുംബൈ: [ **ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വമ്പന്‍ അഴിച്ചുപണികള്‍ക്ക് വഴിയൊരുങ്ങുന്നു. ഈ മാസം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനും അടുത്ത മാസത്തെ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും.

## Article Content

**മുംബൈ: [ **ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വമ്പന്‍ അഴിച്ചുപണികള്‍ക്ക് വഴിയൊരുങ്ങുന്നു. ഈ മാസം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനും അടുത്ത മാസത്തെ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും.

മുംബൈയില്‍ അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീം പ്രഖ്യാപനം. എന്നാല്‍ ക്രിക്കറ്റ് ആരാധകരെ മൊത്തം മുനമ്പില്‍ നിര്‍ത്തുന്നത് ക്യാപ്റ്റന്‍സിയിലെ വമ്പന്‍ ട്വിസ്റ്റാണ്.

ഇന്ത്യയെ കിരീടങ്ങളിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവിന് ടി20 നായകസ്ഥാനം നഷ്ടമാകുമെന്നുറപ്പായിക്കഴിഞ്ഞു. പകരം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി കസേരയുറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സൂര്യകുമാറിന് ക്യാപ്റ്റന്‍സി തെറിക്കുക മാത്രമല്ല, ഒരു ബാറ്റര്‍ എന്ന നിലയിലും ഇനി ടി20 ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ദേശീയ മാധ്യമമായ 'ദി ഇന്ത്യന്‍ എക്സ്പ്രസ്' പുറത്തുവിടുന്നത്. ഇതോടെ, കഴിഞ്ഞ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഫൈനല്‍ പോരാട്ടമാകും സൂര്യകുമാറിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരമെന്നാണ് സൂചന.

2024-ല്‍ രോഹിത് ശര്‍മ്മ വിരമിച്ചതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ വെട്ടി നായകനായ സൂര്യകുമാറിന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 8 ഉഭയകക്ഷി പരമ്പരകളും 2025-ലെ ഏഷ്യാ കപ്പും 2026-ലെ ലോകകപ്പ് കിരീടവും നേടിയിരുന്നെങ്കിലും ബാറ്റിംഗിലെ മോശം ഫോം താരത്തിന് വിനയാവുകയായിരുന്നു.

അതേസമയം, വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡറില്‍ മാറ്റമുണ്ടാകില്ല. സൂര്യകുമാര്‍ ഒഴിഞ്ഞ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ ബാറ്റിംഗിനെത്തും.

ഇതിനെല്ലാം പുറമെ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സര്‍പ്രൈസ് നീക്കവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഐപിഎല്ലില്‍ റണ്‍വേട്ട നടത്തി വിസ്മയിപ്പിച്ച പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെക്കൂടി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം വൈഭവിനെ ഇന്ത്യ 'എ' ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുവാക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന പുതിയ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363691/indian-squad-for-ireland-england-t20-series-to-be-announced-on-saturday)