---
title: "2025-നെ മലർത്തിയടിച്ചു! തിരുപ്പതിയിൽ ലഡ്ഡു വിൽപ്പനയിൽ പുതിയ ചരിത്ര റെക്കോർഡ്; മെയ് മാസത്തിൽ വിറ്റത് 1.2 കോടിയിലധികം ലഡ്ഡു"
english_title: "New historical record in laddu sales in Tirupati"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363690/new-historical-record-in-laddu-sales-in-tirupati"
published_at: "2026-06-04T09:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20f6314fcb0_THIRUPATHI.jpg"
keywords: ["Latest News", "Thirupathi", "Laddu", "Record Sales"]
---

# 2025-നെ മലർത്തിയടിച്ചു! തിരുപ്പതിയിൽ ലഡ്ഡു വിൽപ്പനയിൽ പുതിയ ചരിത്ര റെക്കോർഡ്; മെയ് മാസത്തിൽ വിറ്റത് 1.2 കോടിയിലധികം ലഡ്ഡു

> **Lead Summary:** **തിരുപ്പതി: [** ലഡ്ഡു വിപണിയിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മാത്രം വിറ്റുപോയത് 1.2 കോടിയിലധികം ലഡ്ഡുക്കളാണ്.

## Article Content

**തിരുപ്പതി: [** ലഡ്ഡു വിപണിയിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മാത്രം വിറ്റുപോയത് 1.2 കോടിയിലധികം ലഡ്ഡുക്കളാണ്.

ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. 2025 മെയ് മാസത്തിലെ റെക്കോർഡാണ് ഇത്തവണ പഴങ്കഥയായത്. 2024 മെയ് മാസം 1.01 കോടിയും, 2025-ൽ 1.1 കോടിയുമായിരുന്നു വിൽപനയെങ്കിൽ, ഇക്കുറി അത് 1,21,35,528 ആയി കുതിച്ചുയർന്നുവെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (TTD) അറിയിച്ചു.

ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതോടെ ലഡ്ഡു ഉൽപ്പാദനവും യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടിയിട്ടുണ്ട്. പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുക്കളാണ് ഇപ്പോൾ തത്സമയം തയാറാക്കുന്നത്.

ഇതിനായി ദിവസവും 68 ടൺ അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതിൽ 32 ടൺ പഞ്ചസാര, 16 ടൺ കടലമാവ്, 16 ടൺ നെയ്യ് എന്നിവയ്ക്ക് പുറമെ ടൺ കണക്കിന് കശുവണ്ടിയും ഉണക്കമുന്തിരിയും ഉൾപ്പെടുന്നു.

കൃത്യമായ അളവുകളോടെയാണ് ഓരോ ലഡ്ഡുവിന്റെയും നിർമാണം. ഒരു ലഡ്ഡുവിൽ 78 ഗ്രാം പഞ്ചസാര, 39 ഗ്രാം പരിപ്പ്, 36 ഗ്രാം നെയ്യ്, ഏഴ് ഗ്രാം കശുവണ്ടി, മൂന്ന് ഗ്രാം ഉണക്കമുന്തിരി തുടങ്ങി ആകെ 170 ഗ്രാം ചേരുവകളാണുള്ളത്.

ഭക്തർക്ക് ഒട്ടും വൈകാതെ പ്രസാദം ലഭ്യമാക്കാൻ ക്ഷേത്രത്തിൽ മാത്രം 56 ലഡ്ഡു കൗണ്ടറുകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363690/new-historical-record-in-laddu-sales-in-tirupati)