---
title: "നവീൻ ബാബുവിന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നല്‍കും"
english_title: "Naveen Babu's death; Case investigation handed over to CBI, daughter to be given dependent status"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363689/naveen-babus-death-case-investigation-handed-over-to-cbi-daughter-to-be-given-dependent-status"
published_at: "2026-06-04T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0556879c06_dddddddd.jpg"
keywords: []
---

# നവീൻ ബാബുവിന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നല്‍കും

> **Lead Summary:** **തിരുവനന്തപുരം: ** എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: ** എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം. നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.

യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിൽ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം.

സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്.

പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363689/naveen-babus-death-case-investigation-handed-over-to-cbi-daughter-to-be-given-dependent-status)