---
title: "വടകരയിലെ നിക്ഷേപത്തട്ടിപ്പ്; കടത്തനാട് ലേബർ സൊസൈറ്റി സീൽ ചെയ്ത് ക്രൈംബ്രാഞ്ച് "
english_title: "Crime Branch seals investment scam in Vadakara, Kadathanad Labor Society"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363650/crime-branch-seals-investment-scam-in-vadakara-kadathanad-labor-society"
published_at: "2026-06-03T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a204714c65f1_vatakara.jpg"
keywords: ["Latest News", "Suicide Case", "Vatakara", "Kadathanad Labor Society"]
---

# വടകരയിലെ നിക്ഷേപത്തട്ടിപ്പ്; കടത്തനാട് ലേബർ സൊസൈറ്റി സീൽ ചെയ്ത് ക്രൈംബ്രാഞ്ച് 

> **Lead Summary:** **കോഴിക്കോട് : ** യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് സ്ഥാപനം ക്രൈംബ്രാഞ്ച് സീൽ ചെയ്തു.

## Article Content

**കോഴിക്കോട് : ** യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് സ്ഥാപനം ക്രൈംബ്രാഞ്ച് സീൽ ചെയ്തു.

റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സൊസൈറ്റിയിൽ പരിശോധന നടത്തി അന്വേഷണവിധേയമായി അടച്ചുപൂട്ടിയത്. പരിശോധനയിൽ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും കരാർ വിവരങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തു.

സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കരാർ ജോലികൾ വ്യാജമായി കാണിച്ചും സൊസൈറ്റിയുടെ വാഹനം അനുമതിയില്ലാതെ കൈമാറി പണം തട്ടിയെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാർ, റനീഷ് എന്നിവരെ പ്രതിചേർത്തിട്ടുണ്ട്.

സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാറിന്റെ വീടിന് മുന്നിൽ വെച്ച് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി തീകൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.

ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസും അദ്ദേഹത്തിന്റെ പരാതിയിലുള്ള കേസും ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രമക്കേട് കേസും ഉൾപ്പെടെ മൂന്ന് കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സൊസൈറ്റി സീൽ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363650/crime-branch-seals-investment-scam-in-vadakara-kadathanad-labor-society)