---
title: "ഐപിഎല്ലിലെ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശിയെക്കുറിച്ച് പഠിക്കാൻ ഐഐഎം ഇൻഡോർ"
english_title: "IIM Indore to study Vaibhav Suryavanshi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363621/iim-indore-to-study-vaibhav-suryavanshi"
published_at: "2026-06-03T16:35:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a200aa526355_CVFDGHFRTHG.jpg"
keywords: ["SPORTS", "Vaibhav Suryavanshi", "IIM", "IPL"]
---

# ഐപിഎല്ലിലെ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശിയെക്കുറിച്ച് പഠിക്കാൻ ഐഐഎം ഇൻഡോർ

> **Lead Summary:** ഇൻഡോർ: **[**ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ വിജയഗാഥയെയും വളർച്ചയെയും കുറിച്ച് പഠിക്കാൻ രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ ഒരുങ്ങുന്നു. ചെറുപ്രായത്തിൽ തേടിയെത്തുന്ന അമിത പ്രശസ്തി, പണം, മാധ്യമശ്രദ്ധ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക-സാമൂഹിക സ്വാധീനങ്ങളെക്കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമായും ഗവേഷണം നടത്തുക.

## Article Content

ഇൻഡോർ: **[**ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ വിജയഗാഥയെയും വളർച്ചയെയും കുറിച്ച് പഠിക്കാൻ രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ ഒരുങ്ങുന്നു. ചെറുപ്രായത്തിൽ തേടിയെത്തുന്ന അമിത പ്രശസ്തി, പണം, മാധ്യമശ്രദ്ധ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക-സാമൂഹിക സ്വാധീനങ്ങളെക്കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമായും ഗവേഷണം നടത്തുക.

രാജസ്ഥാൻ റോയൽസ് താരമായ സൂര്യവംശി, തൊട്ടുമുൻപത്തെ സീസണിൽ ബാറ്റിംഗിൽ പുതിയ ചരിത്രമാണ് കുറിച്ചത് 16 ഇന്നിങ്സുകളിൽ നിന്ന് 776 റൺസ് നേടി 'ഓറഞ്ച് ക്യാപ്' സ്വന്തമാക്കി. 237 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറികളും. സീസണിലെ 'ഏറ്റവും മൂല്യമുള്ള താരം'  ഉൾപ്പെടെ അഞ്ച് അവാർഡുകൾ.

ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (72 എണ്ണം) പറത്തിയ ക്രിസ് ഗെയിലിന്റെ ചരിത്ര റെക്കോർഡും ഈ 15-കാരൻ തിരുത്തിക്കുറിച്ചു.

**പഠനത്തിന് പിന്നിലെ ലക്ഷ്യം**

ക്രിക്കറ്റിന് ഏറെ ജനപ്രീതിയുള്ള ഇന്ത്യയിൽ കളിക്കാർക്ക് മേലുള്ള സമ്മർദം വളരെ കൂടുതലാണെന്നും, അതുകൊണ്ടാണ് സൂര്യവംശിയെ ഈ പഠനത്തിനായി തിരഞ്ഞെടുത്തതെന്നും ഐഐഎം ഇൻഡോർ ഡയറക്ടർ ഹിമാൻഷു റായ് വ്യക്തമാക്കി.

> "അസാധാരണ പ്രതിഭയുള്ള കുട്ടികളുടെ പ്രകടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കുകയാണ് ലക്ഷ്യം. വ്യക്തിത്വം, പരിശീലന രീതികൾ എന്നിവയോടൊപ്പം മാതാപിതാക്കൾ, അധ്യാപകർ, കോച്ചുമാർ എന്നിവരുടെ പിന്തുണയും ഇതിൽ പ്രധാനമാണ്. ചെറുപ്രായത്തിൽ വലിയ വിജയം നേടുന്ന പലരും പിന്നീട് പ്രശസ്തിയും സോഷ്യൽ മീഡിയ സമ്മർദങ്ങളും കാരണം പ്രതിസന്ധിയിലാകാറുണ്ട്. ഇത്തരം വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് ഈ പഠനം പരിശോധിക്കും." ഹിമാൻഷു റായ് (ഡയറക്ടർ, ഐഐഎം ഇൻഡോർ)

മനഃശാസ്ത്രം, സോഷ്യോളജി, ഹ്യൂമൻ റിസോഴ്സസ്, കമ്മ്യൂണിക്കേഷൻ, ബിഹേവിയറൽ സയൻസ് എന്നീ മേഖലകളിലെ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകുന്നത്.  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിച്ച് മൂന്ന് മാസത്തിനകം പൂർത്തിയാക്കും.

ഈ പഠനം കായികതാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഗണിതം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിൽ ചെറുപ്രായത്തിൽ തന്നെ മികവ് തെളിയിക്കുന്ന എല്ലാ കുട്ടികൾക്കും ഇതിലെ കണ്ടെത്തലുകൾ സഹായകരമാകും.

ഗവേഷണത്തിന് ശേഷം പുറത്തുവരുന്ന പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പ്രമുഖ റിസർച്ച് ജേണലുകളിൽ പ്രസിദ്ധീകരിക്കും. ഒപ്പം കൗമാര പ്രതിഭകളുടെ സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കാനായി ഈ റിപ്പോർട്ട് ബിസിസിഐയ്ക്കും (BCCI) കൈമാറുമെന്ന് ഐഐഎം ഇൻഡോർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363621/iim-indore-to-study-vaibhav-suryavanshi)