---
title: "കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ; ബൈക്കും ഫോണും പാലത്തിൽ, കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ"
english_title: "A young man from Thrissur was found hanging in the Muttar river in Kalamassery."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363566/a-young-man-from-thrissur-was-found-hanging-in-the-muttar-river-in-kalamassery-NEW"
published_at: "2026-06-03T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe0056df1b_WhatsApp_Image_2026-06-03_at_1.33.24_PM.jpeg"
keywords: []
---

# കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ; ബൈക്കും ഫോണും പാലത്തിൽ, കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ

> **Lead Summary:** **കൊച്ചി: **കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചൂണ്ടൽ പയ്യൂർ സൂര്യഗ്രാമം മേക്കോട്ടിൽ എം.എ. ബിജു ആണ് മരിച്ചത്.

## Article Content

**കൊച്ചി: **കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചൂണ്ടൽ പയ്യൂർ സൂര്യഗ്രാമം മേക്കോട്ടിൽ എം.എ. ബിജു ആണ് മരിച്ചത്.

ഇടമുള പാലത്തിന് മുകളിൽ നിന്ന് ബിജുവിന്റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. അപ്പുക്കുട്ടൻ-ശാന്ത ദമ്പതികളുടെ മകനായ ബിജു അവിവാഹിതനായിരുന്നു.

ഇടമുള പാലത്തിന് മുകളിൽ ബൈക്കും ഫോണും കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതേസമയം ബിജുവിനെ ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും തിരക്കി കളമശ്ശേരിയിൽ എത്തിയിരുന്നു. പൊലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഫയർഫോഴ്‌സ് സംഘം മൃതദേഹം കരയ്ക്കടുപ്പിച്ചു. ഇൻക്വസ്റ്റ് പരിശോധനയിൽ ബിജുവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കയറിന്റെ മറുഭാഗം പാലത്തിന്റെ കൈവരിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി പുഴയിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ മാസം 26 മുതൽ ബിജു ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കമ്പനിയിൽ നിന്നുള്ള വിവരം. എന്നാൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വാടക വീട്ടിൽ വച്ച് ഒന്നിച്ച് ഐപിഎൽ ക്രിക്കറ്റ് മത്സരം കണ്ടിരുന്നുവെന്ന് സഹപ്രവർത്തകരായ മറ്റ് കരാർ തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിന് ശേഷമാണ് ബിജുവിനെ കാണാതാകുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363566/a-young-man-from-thrissur-was-found-hanging-in-the-muttar-river-in-kalamassery-NEW)