---
title: "സിനിമയെ വെല്ലുന്ന പ്രണയവും കേസും; കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി"
english_title: "High Court stays it for a month"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363560/high-court-stays-it-for-a-month"
published_at: "2026-06-03T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fdade9ae34_KUMBHMELA.jpg"
keywords: ["Latest News", "Ernakulam", "Kumbh Mela Viral Star", "High Court Stays Arrest For A Month"]
---

# സിനിമയെ വെല്ലുന്ന പ്രണയവും കേസും; കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: [** കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ച മധ്യപ്രദേശ് സ്വദേശി ഫർമാൻ ഖാന്റെ അറസ്റ്റ് കേരള ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.

## Article Content

**കൊച്ചി: [** കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ച മധ്യപ്രദേശ് സ്വദേശി ഫർമാൻ ഖാന്റെ അറസ്റ്റ് കേരള ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്നാരോപിച്ച് ഇയാൾക്കെതിരെ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൻ്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണ് കോടതി ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്.

കേസ് മധ്യപ്രദേശിലായതിനാൽ അവിടുത്തെ ഹൈക്കോടതിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ്, ഒരു മാസത്തിനകം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടണമെന്ന നിർദ്ദേശത്തോടെയാണ് അറസ്റ്റിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.

താൻ വിവാഹം കഴിച്ച പെൺകുട്ടിക്ക് കൃത്യമായ പ്രായപൂർത്തിയായതാണെന്നും, തന്നെ കേസിൽ കുടുക്കാൻ വേണ്ടി പെൺകുട്ടിയുടെ കുടുംബം മധ്യപ്രദേശിൽ വ്യാജരേഖകൾ നിർമ്മിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു എന്നുമാണ് ഫർമാൻ ഖാൻ കോടതിയിൽ വാദിച്ചത്.

മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്. ഇതിനുപിന്നാലെ ഫർമാൻ ഖാനും വൈറൽ താരമായ യുവതിയും സംയുക്തമായാണ് കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

സിനിമകളിൽ അഭിനയിക്കുന്ന തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, കഴിഞ്ഞ മാർച്ച് 11-ന് കേരളത്തിൽ വെച്ച് നിയമപരമായി വിവാഹിതരായി ഇപ്പോൾ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു വരികയാണെന്നും ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363560/high-court-stays-it-for-a-month)