---
title: "കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമല്ല, കരളുറപ്പാണ് ഫാഷൻ; ലോകത്തെ തിരുത്തിച്ചെഴുതിയ ലോറൻ"
english_title: "Lauren Wasser, who rewrote the fashion world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363557/lauren-wasser-who-rewrote-the-fashion-world"
published_at: "2026-06-03T12:57:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd87350373_TYHTRU.jpg"
keywords: ["FASHION", "Lauren Wasser", "GOLDEN LEGS", "fashion world"]
---

# കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമല്ല, കരളുറപ്പാണ് ഫാഷൻ; ലോകത്തെ തിരുത്തിച്ചെഴുതിയ ലോറൻ

> **Lead Summary:** **[** ഫാഷൻ ലോകം എപ്പോഴും ബാഹ്യസൗന്ദര്യത്തെയാണ് ആഘോഷിക്കാറുള്ളത്. എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ അത് കഠിനമായ അതിജീവനത്തിന്റെ വേദി കൂടിയായി മാറാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ 'മെറ്റ് ഗാല'യുടെ റെഡ് കാർപെറ്റ് ഇത്തവണ സാക്ഷ്യം വഹിച്ചത് അത്തരമൊരു അത്ഭുതത്തിനായിരുന്നു.

## Article Content

**[** ഫാഷൻ ലോകം എപ്പോഴും ബാഹ്യസൗന്ദര്യത്തെയാണ് ആഘോഷിക്കാറുള്ളത്. എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ അത് കഠിനമായ അതിജീവനത്തിന്റെ വേദി കൂടിയായി മാറാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ 'മെറ്റ് ഗാല'യുടെ റെഡ് കാർപെറ്റ് ഇത്തവണ സാക്ഷ്യം വഹിച്ചത് അത്തരമൊരു അത്ഭുതത്തിനായിരുന്നു.

ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന ചടങ്ങിൽ, സ്വർണ്ണനിറത്തിലുള്ള 'പ്രബൽ ഗുരുങ്ങ്' സ്യൂട്ട് ധരിച്ചെത്തിയ ഒരു സുന്ദരിയിലേക്ക് ക്യാമറക്കണ്ണുകൾ നീണ്ടു. അതിഥികളെല്ലാം വിസ്മയത്തോടെയാണ് അവളെ നോക്കിയത്. അവളായിരുന്നു ഫാഷൻ ലോകം 'ബയോണിക് ബാർബി' എന്ന് വിശേഷിപ്പിക്കുന്ന ലോറൻ വാസ്സർ 

അവളുടെ പ്രധാന ആകർഷണം മുഖത്തെ ആത്മവിശ്വാസവും, സ്വർണ്ണ നിറത്തിലുള്ള കൃത്രിമക്കാലുകൾ  ഉപയോഗിച്ചുള്ള അതിമനോഹരമായ ക്യാറ്റ് വാക്കുമായിരുന്നു. ജീവിക്കാൻ വെറും ഒരു ശതമാനം മാത്രം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിധി എഴുതിയ ഇടത്തുനിന്നാണ് ഈ മുപ്പത്തിയെട്ടുകാരി മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലേക്ക് നടന്നു കയറിയത്.

**ആരാണ് ലോറൻ വാസ്സർ?**

ലോസ് ഏഞ്ചൽസിലെ പ്രശസ്ത മോഡലായ പമേല കുക്കിന്റെ മകളായ ലോറന് ഫാഷൻ ലോകം പുത്തരിയല്ലായിരുന്നു. തൊട്ടിൽ പ്രായത്തിൽ തന്നെ പ്രശസ്ത മാഗസിനുകളുടെ കവർ പേജുകളിൽ ലോറൻ ഇടംപിടിച്ചിരുന്നു. എങ്കിലും ഒരു പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരിയാവുക എന്നതായിരുന്നു അവളുടെ യഥാർത്ഥ സ്വപ്നം. മോഡലിംഗിലും കായികരംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുമ്പോഴാണ്, 2012-ൽ 24-ാം വയസ്സിൽ അവളുടെ ജീവിതം മാറ്റിമറിച്ച ദുരന്തം സംഭവിക്കുന്നത്.

**ജീവിതം തകർത്ത 'വില്ലൻ'**

ഒരു ദിവസം കഠിനമായ പനിയും ക്ഷീണവും അനുഭവപ്പെട്ട ലോറൻ പെട്ടെന്ന് അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരീരത്തിലെ അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായിത്തുടങ്ങിയിരുന്നു. 'ടോക്സിക് ഷോക്ക് സിൻഡ്രോം'  എന്ന അവസ്ഥയായിരുന്നു അത്. ആർത്തവ സമയത്ത് ഉപയോഗിച്ച ടാമ്പണുകളിൽ  നിന്നുള്ള ബാക്ടീരിയൽ അണുബാധയായിരുന്നു ഇതിന് കാരണം.

 അണുബാധ കഠിനമായി ബാധിച്ചതിനെത്തുടർന്ന് ജീവൻ നിലനിർത്താൻ ഡോക്ടർമാർക്ക് അവളുടെ വലതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ആ കഠിന വേദന വിട്ടുമാറും മുൻപ് തന്നെ, വർഷങ്ങളോളം അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കൊടുവിൽ 2018-ൽ അവളുടെ ഇടതുകാലും മുറിച്ചുമാറ്റപ്പെട്ടു.

**സ്വർണ്ണക്കാലുകളുള്ള പെൺകുട്ടി**

രണ്ടുകാലുകളും നഷ്ടപ്പെട്ട ഒരു മോഡലിന്റെ കരിയർ അവിടെ അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി. ആത്മവിശ്വാസം കൈവിടാതെ ലോറൻ ഫാഷൻ ലോകത്തേക്ക് ശക്തമായി തിരിച്ചുവന്നു. തന്റെ കൃത്രിമക്കാലുകളെ ഒളിച്ചുവെക്കാൻ അവൾ ആഗ്രഹിച്ചില്ല. പകരം, തനിക്ക് പ്രിയപ്പെട്ട കലാകാരനായ എസാപ് റോക്കിയിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവൾ ആ കാലുകളെ സ്വർണ്ണ നിറത്തിലുള്ളതാക്കി മാറ്റി. അത് വൈകല്യത്തിന്റെ അടയാളമല്ല, മറിച്ച് തന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമാണെന്ന് ലോറൻ ലോകത്തോട് വിളിച്ചുപറഞ്ഞു.

**റൺവേകളിലെ 'ലോറൻ യുഗം'**

തന്റെ സ്വർണ്ണ കൃത്രിമക്കാലുകളുമായി ലോറൻ വാസ്സർ ലൂയി വിറ്റൺ , ലാക്കോസ്റ്റെ , ഫുർല തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ റൺവേകളിൽ ചരിത്രം കുറിച്ചു. വോഗ് , ഗ്ലാമർ , ഹാർപേഴ്സ് ബസാർ  തുടങ്ങിയ പ്രശസ്ത മാഗസിനുകളുടെ കവർ പേജുകളിലും ഇടംപിടിച്ചു. 2023-ൽ ഗ്ലാമർ ജർമ്മനിയുടെ 'വുമൺ ഓഫ് ദി ഇയർ' ആയി ലോറൻ തിരഞ്ഞെടുക്കപ്പെട്ടു.

നിയമപോരാട്ടത്തിന്റെ വേദി

ലോറന്റെ പോരാട്ടം ഫാഷൻ റൺവേകളിൽ മാത്രം ഒതുങ്ങുന്നില്ല. തനിക്ക് നേരിട്ട അനുഭവം മറ്റ് സ്ത്രീകൾക്ക് ഉണ്ടാകാതിരിക്കാൻ ടാമ്പൺ ഉപയോഗത്തെക്കുറിച്ച് അവൾ നിരന്തരം അവബോധം നൽകുന്നുണ്ട്. ടാമ്പൺ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിവരങ്ങൾ പാക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന 'റോബിൻ ഡാനിയൽസൺ ആക്റ്റ്' എന്ന യുഎസ് നിയമത്തിനായി അവൾ ജനപ്രതിനിധികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഫാഷൻ എന്നാൽ പൂർണ്ണതയുള്ള ശരീരങ്ങൾ മാത്രമല്ല, മറിച്ച് തളരാത്ത മനസ്സും അതിജീവനത്തിന്റെ കഥകളുമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലോറൻ വാസ്സർ. സ്വയം അതിജീവിക്കുകയും മറ്റുള്ളവർക്ക് ജീവിക്കാൻ പ്രേരണയാവുകയും ചെയ്യുന്ന അപൂർവ്വം മനുഷ്യരിലൊരാൾ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363557/lauren-wasser-who-rewrote-the-fashion-world)