---
title: "മിഠായി വിവാദം: ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് ഇല്ലെന്ന് വി മുരളീധരന്‍, മനസിലുള്ളതാണ് പുറത്ത് വന്നതെന്ന് വി ശിവൻകുട്ടി"
english_title: "Sweets controversy, V. Sivankutty again against Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363553/sweets-controversy-v-sivankutty-again-against-muraleedharan-"
published_at: "2026-06-03T12:36:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd2d9e875a_SIVANKUTT_Y.jpg"
keywords: []
---

# മിഠായി വിവാദം: ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് ഇല്ലെന്ന് വി മുരളീധരന്‍, മനസിലുള്ളതാണ് പുറത്ത് വന്നതെന്ന് വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **ബിജെപി എംഎല്‍എ വി മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിഠായി എന്തുകൊണ്ടാണ് കുട്ടികളുടെ കയ്യില്‍ കൊടുക്കാതിരുന്നതെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. എന്തുകൊണ്ട് മിഠായി വിതറിയെറിഞ്ഞു. അതിന് കൃത്യമായ മറുപടി പറയട്ടേയെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ നിയമസഭ തല്ലിപ്പൊളിച്ച കാര്യമാണ് പറയുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ബിജെപി എംഎല്‍എ വി മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിഠായി എന്തുകൊണ്ടാണ് കുട്ടികളുടെ കയ്യില്‍ കൊടുക്കാതിരുന്നതെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. എന്തുകൊണ്ട് മിഠായി വിതറിയെറിഞ്ഞു. അതിന് കൃത്യമായ മറുപടി പറയട്ടേയെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ നിയമസഭ തല്ലിപ്പൊളിച്ച കാര്യമാണ് പറയുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

നിയമസഭ തല്ലിപ്പൊളിച്ച വിഷയത്തില്‍ വേണമെങ്കില്‍ മറ്റൊരു ചര്‍ച്ച നടത്താമെന്ന് വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 'തികച്ചും മനുഷ്യത്വരഹിതമായ കാര്യമാണ് വി മുരളീധരന്‍ ചെയ്തത്. തികച്ചും പ്രതിഷേധാര്‍ഹം. എന്ത് ന്യായം പറഞ്ഞാലും ജാതിവിവേചനമാണ് നടന്നത്.

അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. മനസിലുള്ളതാണ് പുറത്ത് വന്നത്. അംബേദ്കര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സംഭാവന പോലും വി മുരളീധരന്‍ നല്‍കിയിട്ടില്ല', ശിവന്‍കുട്ടി പറഞ്ഞു.

നിയമസഭയിലെ കാര്യം പഴയതാണെന്നും അത് നടന്നിട്ട് എത്ര കാലമായെന്നും വി ശിവന്‍കുട്ടി ചോദിച്ചു. അതിന് ശേഷം തെരഞ്ഞെടുപ്പ് നടന്നു, ഞാന്‍ ജയിച്ചു. എംഎല്‍എയായി, മന്ത്രിയായി. എന്ത് പറഞ്ഞാലും കൊഞ്ഞനം കുത്തി കാണിച്ചിട്ട് കാര്യമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

നേരത്തെ വി മുരളീധരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി വിതരണം ചെയ്യുന്നതിന്റെ വീഡിയോ വിവാദമായിരുന്നു. മിഠായി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ കൊടുക്കാതെ ഡസ്‌കില്‍ ഇട്ടുനല്‍കിയതാണ് വിവാദമായത്.

പിന്നാലെ മുരളീധരനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് മേശതോറും മിഠായി ഒന്നിച്ചുനല്‍കിയതെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ വി ശിവന്‍കുട്ടി പ്രതികരണവുമായി രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363553/sweets-controversy-v-sivankutty-again-against-muraleedharan-)