---
title: "ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ പ്രതികാര സ്ഥലംമാറ്റമെന്ന് പ്രതിപക്ഷം; ചട്ടങ്ങൾ പാലിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം നിയമസഭയിൽനിന്ന്  ഇറങ്ങിപ്പോയി"
english_title: "Opposition demands cancellation of transfer of employees due to political rivalry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363494/opposition-demands-cancellation-of-transfer-of-employees-due-to-political-rivalry"
published_at: "2026-06-03T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb09a8bab4_OPPOSITION.jpg"
keywords: ["Latest News", "Thiruvanandapuram", "Opposition Says Transfer Is Political Revenge", "Opposition Left"]
---

# ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ പ്രതികാര സ്ഥലംമാറ്റമെന്ന് പ്രതിപക്ഷം; ചട്ടങ്ങൾ പാലിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം നിയമസഭയിൽനിന്ന്  ഇറങ്ങിപ്പോയി

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

സഭയിൽ പ്രതിപക്ഷാംഗം വി. ജോയ് ആണ് ഈ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വേണ്ടപ്പെട്ടവർക്ക് അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റം നൽകിയെന്നും, കഴിഞ്ഞ കുറച്ചുകാലത്തിനിടയിൽ 33 വകുപ്പുകളിലായി 207 സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

310 വനിതാ ജീവനക്കാരെ ഉൾപ്പെടെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതായും, ഭരണാനുകൂല സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതിനനുസരിച്ച് ജീവനക്കാരെ പന്താടുന്ന അവസ്ഥ മുൻപൊന്നുമുണ്ടായിട്ടില്ലെന്നും വി. ജോയ് കുറ്റപ്പെടുത്തി.

കൂടാതെ, മന്ത്രി സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച കാര്യവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചെങ്കിലും മന്ത്രി ഇതിനോട് പ്രതികരിച്ചില്ല. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ മന്ത്രി സണ്ണി ജോസഫ്, പൊതുസ്ഥലംമാറ്റങ്ങൾ കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചുമാത്രമാണ് നടപ്പാക്കിയതെന്ന് മറുപടി നൽകി.

ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, എന്തെങ്കിലും പരാതികൾ നിലവിലുണ്ടെങ്കിൽ അത് അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

മേയ് മാസം ജീവനക്കാരുടെ വിരമിക്കൽ കാലമാണെന്നും അതിനനുസരിച്ച് പല തസ്തികകളിലും മാറ്റങ്ങൾ സ്വാഭാവികമാണെന്നും മന്ത്രി വിശദീകരിച്ചു. ഒരു തസ്തികയിൽ ആള് മാറുമ്പോൾ ചങ്ങല പ്രതികരണമെന്നോണം 14 ഇടങ്ങളിൽ മാറ്റം വരുമെന്ന് മുൻപ് സഭയിൽ പറഞ്ഞത് പിണറായി വിജയൻ തന്നെയാണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, 2016-ൽ അനധികൃത സ്ഥലംമാറ്റത്തെക്കുറിച്ച് സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് പിണറായി വിജയൻ നൽകിയ മറുപടി ഇതാണെന്നും ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ പവർ ബ്രോക്കർമാരും ദല്ലാൾമാരും ചേർന്നാണ് സ്ഥലംമാറ്റങ്ങൾ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള ഇത്തരം പ്രതികാര നടപടികൾ ഉടനടി റദ്ദാക്കണമെന്നും അതിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363494/opposition-demands-cancellation-of-transfer-of-employees-due-to-political-rivalry)