---
title: "പരോൾ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി.....!  പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്"
english_title: "Periya double murder case: Accused shoots reels in violation of parole conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363487/periya-double-murder-case-accused-shoots-reels-in-violation-of-parole-conditions-new"
published_at: "2026-06-03T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fabac5f127_periyacase.jpg"
keywords: []
---

# പരോൾ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി.....!  പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

> **Lead Summary:** **കാസർകോട്: **പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പരോൾ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ച് റീൽ ഷൂട്ട് ചെയ്തു . ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്.

## Article Content

**കാസർകോട്: **പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പരോൾ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ച് റീൽ ഷൂട്ട് ചെയ്തു . ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്.

നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. കേസിലെ പത്ത് പ്രതികളിൽ ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്. കൂട്ട പരോൾ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു പരാതി.

മാധ്യമ വാർത്തകളെ തുടർന്ന് കൂട്ടപരോൾ വിവാദമായതോടെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ മാത്രമേ ഈ നാല് പേർക്ക് പുറത്തിറങ്ങാൻ ഇനി അനുമതി നൽകൂ എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363487/periya-double-murder-case-accused-shoots-reels-in-violation-of-parole-conditions-new)