---
title: "ജാഗ്രത വേണം....! വെള്ളത്തിൽ പൊങ്ങിക്കിടക്കും, മഞ്ഞനിറം, നശിപ്പിക്കരുത്; കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി തുറമുഖ അധികൃതർ"
english_title: "Port Authorities Say They Have Installed A Wave Rider Buoy In The Sea To Measure Wind Speed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363462/port-authorities-say-they-have-installed-a-wave-rider-buoy-in-the-sea-to-measure-wind-speed"
published_at: "2026-06-03T06:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f77a21848d_Vizhinjam_Fishing_Port.jpg"
keywords: ["Latest News", "Wave Rider Buoy", "Fisherman", "Vizhinjam Fishing Port"]
---

# ജാഗ്രത വേണം....! വെള്ളത്തിൽ പൊങ്ങിക്കിടക്കും, മഞ്ഞനിറം, നശിപ്പിക്കരുത്; കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി തുറമുഖ അധികൃതർ

> **Lead Summary:** തിരുവനന്തപുരം: തീരപ്രദേശത്തെ കടൽക്ഷോഭവും കാറ്റിന്‍റെ വേഗതയും തത്സമയം നിരീക്ഷിക്കുന്നതിനായി വിഴിഞ്ഞം കടലിൽ അത്യാധുനിക 'വേവ് റൈഡർ ബോയി' സ്ഥാപിച്ചു. ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം കടലിൽ വിന്യസിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: തീരപ്രദേശത്തെ കടൽക്ഷോഭവും കാറ്റിന്‍റെ വേഗതയും തത്സമയം നിരീക്ഷിക്കുന്നതിനായി വിഴിഞ്ഞം കടലിൽ അത്യാധുനിക 'വേവ് റൈഡർ ബോയി' സ്ഥാപിച്ചു. ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം കടലിൽ വിന്യസിച്ചിരിക്കുന്നത്.

വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിന്‍റെ നിലവിലുള്ള പുലിമുട്ടിന്‍റെ അഗ്രഭാഗത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി അക്ഷാംശം: 8°20’51.3” വടക്ക്, രേഖാംശം: 77°00’10.9” കിഴക്ക് എന്നീ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിലാണ് ഈ ഉപകരണം നിലയുറപ്പിച്ചിട്ടുള്ളതെന്നും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും തുറമുഖ അധികൃതർ അറിയിച്ചു.

കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു ഗോളാകൃതിയിലാണ് ഇത് കാണപ്പെടുക.തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവം, ദിശാപരമായ മാറ്റങ്ങൾ, സമുദ്രോപരിതലത്തിലെ പ്രവാഹവേഗത എന്നിവ ഈ ഉപകരണം നിരന്തരം നിരീക്ഷിക്കും.

ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അവ മുൻകൂട്ടി പ്രവചിക്കുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും. കടലിന്‍റെ അവസ്ഥ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി അറിയാൻ കഴിയുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വലിയ തോതിൽ ഉപകരിക്കും.

വേവ് റൈഡർ ബോയി സ്ഥാപിച്ചിട്ടുള്ള മേഖലയിലൂടെ പോകുന്ന മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും പരമാവധി ജാഗ്രത പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ ഉപകരണത്തിന് കേടുപാടുകൾ വരുത്തുകയോ, അതിൽ തൊടുകയോ, മറ്റ് ഇടപെടലുകൾ നടത്തുകയോ ചെയ്യരുതെന്നും അധികൃതർ പറയുന്നു. പൊതുമുതലായ ഈ ശാസ്ത്രീയ ഉപകരണത്തിന് മനഃപൂർവ്വം കേടുപാടുകൾ വരുത്തുന്നത് നിയമപരമായി കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363462/port-authorities-say-they-have-installed-a-wave-rider-buoy-in-the-sea-to-measure-wind-speed)