---
title: "വൻ മയക്കുമരുന്ന് വേട്ട; വിദേശത്തുനിന്നും ലഹരിയെത്തിക്കുന്ന വൻ ശൃംഖല: പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Huge drug trafficking ring from abroad: Youth arrested with MDMA worth 10 lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363454/huge-drug-trafficking-ring-from-abroad-youth-arrested-with-mdma-worth-10-lakhs"
published_at: "2026-06-02T22:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f12a0eb10c_mdma.jpg"
keywords: ["Latest News", "MDMA", "Malappuram", "Arrest"]
---

# വൻ മയക്കുമരുന്ന് വേട്ട; വിദേശത്തുനിന്നും ലഹരിയെത്തിക്കുന്ന വൻ ശൃംഖല: പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** മലപ്പുറം**: ** കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മലപ്പുറം താനാളൂരിൽ വൻ മയക്കുമരുന്ന് വേട്ട.

## Article Content

മലപ്പുറം**: ** കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മലപ്പുറം താനാളൂരിൽ വൻ മയക്കുമരുന്ന് വേട്ട.

തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462 ഗ്രാം എംഡിഎംഎയുമായി താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) പിടിയിലായി. ഇയാൾ താമസിക്കുന്ന കെടി ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് അതിമാരകമായ ഈ രാസലഹരി കണ്ടെടുത്തത്.

ലഹരിമരുന്നിന് പുറമെ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന രണ്ട് ലക്ഷത്തി നാൽപ്പത്തിആറായിരം രൂപയും ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന വൻ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശത്തുനിന്നും ക്യാരിയർമാരെ ഉപയോഗിച്ച് വൻതോതിൽ രാസലഹരികൾ ജില്ലയിലേക്ക് എത്തിക്കുന്നുണ്ടെന്ന എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടന്നത്. തുടർ അന്വേഷണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ്, ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർ ടി. ഗിരീഷ്, എം.കെ. ഷിജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എ.വി., അബിൻ വി.ലാൽ, പി.ബി. വിനീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സി.പി. സജിത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363454/huge-drug-trafficking-ring-from-abroad-youth-arrested-with-mdma-worth-10-lakhs)