---
title: "സ്വകാര്യഭാഗങ്ങളിൽ വടിയും കുപ്പിയും ഉപയോഗിച്ച് മുറിവേൽപ്പിച്ചു, മുടി പിഴുതെടുത്തു; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം"
english_title: "A woman in Dehradun, Uttarakhand, was brutally raped by her in-laws after being locked in a room for ten months, a complaint has been filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363447/a-woman-in-dehradun-uttarakhand-was-brutally-raped-by-her-in-laws-after-being-locked-in-a-room-for-ten-months-a-complaint-has-been-filed"
published_at: "2026-06-02T21:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f033dbbade_sexual_assult.jpg"
keywords: ["Latest News", "Rape Case", "Brutally Rape"]
---

# സ്വകാര്യഭാഗങ്ങളിൽ വടിയും കുപ്പിയും ഉപയോഗിച്ച് മുറിവേൽപ്പിച്ചു, മുടി പിഴുതെടുത്തു; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം

> **Lead Summary:** **ഡെറാഡൂൺ : **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി.

## Article Content

**ഡെറാഡൂൺ : **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി.

കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും പട്ടിണിക്കിട്ടിരുന്നെന്നും വടിയും കുപ്പിയും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരുക്കേൽപ്പിച്ചെന്നും യുവതിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുൽ ഖണ്ഡൂരി, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ സെലാകുയി പൊലീസ് കേസെടുത്തു.

യുവതിയുടെ മുടി മുഴുവൻ ഭർതൃവീട്ടുകാർ ബലമായി പിഴുതെടുത്തെന്നു പരാതിയിൽ പറയുന്നു. പ്ലാസ്റ്റിക് പൈപ്പ്, ഇരുമ്പ് വടി, കസേര, വൈപ്പർ എന്നിവ ഉപയോഗിച്ചാണ് മർദിച്ചിരുന്നത്. കുപ്പിയും വടികളും കൊണ്ട് സ്വകാര്യഭാഗങ്ങളിൽ മാരകമായ പരുക്കുകൾ ഏൽപ്പിച്ചു.

രാവിലെ ഒൻപത് മണി മുതൽ യുവതിയെ മുറിയിലോ അല്ലെങ്കിൽ ശുചിമുറിയിലോ പൂട്ടിയിടുകയായിരുന്നു പതിവ്. ജീവൻ നിലനിർത്താൻ പച്ചയരിയും ഉള്ളിയും പച്ചമുളകും മാത്രമാണ് ഇവർക്ക് നൽകിയിരുന്നത്. നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ യുവതിയുടെ മാനസികാരോഗ്യത്തെ തകർത്തു.

കഴിഞ്ഞ പത്തുമാസമായി യുവതിയെ സ്വന്തം വീട്ടുകാരുമായി സംസാരിക്കാനോ കാണാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. വീട്ടുകാർ ഫോണിൽ വിളിക്കുമ്പോഴൊക്കെ മകൾ ഉറങ്ങുകയാണെന്നോ കുളിക്കുകയാണെന്നോ ആണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.

രണ്ടു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2025 ഫെബ്രുവരിയിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ യുവതി ഭർതൃവീട്ടുകാർക്കൊപ്പമാണ് ഡെറാഡൂണിൽ താമസിച്ചിരുന്നത്.

ഡൽഹിയിൽനിന്ന് അവധിക്ക് നാട്ടിലെത്തുമ്പോഴൊക്കെ ഭർത്താവ് രാഹുലും യുവതിയെ ക്രൂരമായി മർദിക്കുകയും പരുക്കുകൾക്ക് ചികിൽസിക്കുന്നതു തടയുകയും ചെയ്തിരുന്നെന്നും പരാതിയിലുണ്ട്.

യുവതിയുടെ മാതാപിതാക്കൾ മകളെ കാണാനെത്തിയപ്പോൾ ഭർതൃവീട്ടുകാർ അകത്തേക്ക് കയറ്റാൻ അനുവദിച്ചില്ല. പിന്നാലെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. യുവതിയെ വധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363447/a-woman-in-dehradun-uttarakhand-was-brutally-raped-by-her-in-laws-after-being-locked-in-a-room-for-ten-months-a-complaint-has-been-filed)