---
title: "ഇന്ധനവില കൊള്ള: കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ ജൂൺ 4-ന് സിപിഐഎം ജനകീയ പ്രക്ഷോഭം   സംഘടിപ്പിക്കും - എം.വി ഗോവിന്ദൻ"
english_title: "Anti-people policies of central and state governments, will organize a popular protest on June 4: MV Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363419/anti-people-policies-of-central-and-state-governments-will-organize-a-popular-protest-on-june-4-mv-govindan"
published_at: "2026-06-02T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7d03532527_mv_govindan.jpg"
keywords: []
---

# ഇന്ധനവില കൊള്ള: കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ ജൂൺ 4-ന് സിപിഐഎം ജനകീയ പ്രക്ഷോഭം   സംഘടിപ്പിക്കും - എം.വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: ** രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനവിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയും ജൂൺ 4 വ്യാഴാഴ്ച ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ - ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രക്ഷോഭം നടക്കുക.

## Article Content

**തിരുവനന്തപുരം: ** രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനവിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയും ജൂൺ 4 വ്യാഴാഴ്ച ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ - ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രക്ഷോഭം നടക്കുക.

രാജ്യത്ത് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ വർദ്ധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ഇന്ധന നികുതി കുത്തനെ ഉയർത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങൾക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില വർദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ.

എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ട്.

എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്ര നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കാര്യമാണ് ഇപ്പോൾ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രം പറയുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കേണ്ട മുൻകരുതലുകളൊന്നും സ്വീകരിക്കാത്തതാണ് പ്രതിസന്ധി കൂടുതൽ വളർത്തിയത്. അമേരിക്കയ്ക്ക് കീഴടങ്ങിയ ഇന്ത്യയുടെ നയവും ഇതിന് കാരണമായിട്ടുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസ്സം നിന്നപ്പോൾ അതനുസരിച്ചാണ് കേന്ദ്രം നിലകൊണ്ടത്. ഇതാണ് സ്ഥിതിവിശേഷങ്ങൾ ഗുരുതരമാക്കിയത്. ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർത്തിവെച്ചതും അമേരിക്കൻ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363419/anti-people-policies-of-central-and-state-governments-will-organize-a-popular-protest-on-june-4-mv-govindan)