---
title: "മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത; യുവതിയെ 10 മാസം ശുചിമുറിയിൽ പൂട്ടിയിട്ടു, ഭക്ഷണമായി നൽകിയത് അരിയും ഉള്ളിയും മാത്രം, ഭർത്താവിനെതിരെ കേസ്"
english_title: "Case filed against husband who subjected woman to domestic violence for 10 months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363417/case-filed-against-husband-who-subjected-woman-to-domestic-violence-for-10-months"
published_at: "2026-06-02T17:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ec39c5e97b_m.jpg"
keywords: ["Latest News", "Dehradun", "Domestic Violence", "Case Against Husband"]
---

# മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത; യുവതിയെ 10 മാസം ശുചിമുറിയിൽ പൂട്ടിയിട്ടു, ഭക്ഷണമായി നൽകിയത് അരിയും ഉള്ളിയും മാത്രം, ഭർത്താവിനെതിരെ കേസ്

> **Lead Summary:** **ഡെറാഡൂൺ: [ **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഗാർഹിക പീഡനവിവരം പുറത്ത്. ഡെറാഡൂണിലെ ഭാവുവാല മേഖലയിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് പത്ത് മാസത്തോളം മുറിയിലും ശുചിമുറിയിലുമായി പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു.

## Article Content

**ഡെറാഡൂൺ: [ **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഗാർഹിക പീഡനവിവരം പുറത്ത്. ഡെറാഡൂണിലെ ഭാവുവാല മേഖലയിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് പത്ത് മാസത്തോളം മുറിയിലും ശുചിമുറിയിലുമായി പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു.

ഭക്ഷണമായി വെറും അരിയും ഉള്ളിയും പച്ചമുളകും മാത്രം നൽകി മാസങ്ങളോളം തടങ്കലിൽ പാർപ്പിച്ചതിനെ തുടർന്ന് യുവതിയുടെ മാനസിക നില പോലും തകരാറിലായ നിലയിലാണ്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് രാഹുൽ ഖണ്ഡൂരി, ഭർതൃമാതാവ്, ഭർതൃപിതാവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ ജോലി ചെയ്യുന്ന രാഹുലുമായി രണ്ട് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. എഫ്ഐആർ പ്രകാരം, 2025 ജൂലൈ മുതൽ 2026 മെയ് വരെയുള്ള കാലയളവിലാണ് യുവതി ഈ നരകയാതന അനുഭവിച്ചത്.

കസേര, വടി, വൈപ്പർ എന്നിവ ഉപയോഗിച്ച് നിരന്തരം മർദ്ദിച്ചതിന് പുറമെ, കുപ്പിയും വടിയും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ ഇവർ മാരകമായി മുറിവേൽപ്പിച്ചതായി പിതാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും, ഈ കുഞ്ഞുങ്ങളെ കാണാൻ പോലും യുവതിയുടെ സ്വന്തം വീട്ടുകാരെ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല.

പത്ത് മാസത്തോളം മകളെ ഫോണിൽ സംസാരിക്കാനോ നേരിട്ട് കാണാനോ ഭർതൃവീട്ടുകാർ സമ്മതിക്കാതിരുന്നതാണ് പിതാവിൽ സംശയമുണ്ടാക്കിയത്. മകളെ ഫോൺ വിളിക്കുമ്പോഴെല്ലാം അവൾ ഉറങ്ങുകയാണെന്നോ കുളിക്കുകയാണെന്നോ ഉള്ള കള്ളങ്ങളാണ് ഇവർ പറഞ്ഞിരുന്നത്.

ഒരിക്കൽ മകളെ നേരിൽ കാണാൻ ഭർതൃഗൃഹത്തിൽ എത്തിയ പിതാവിനെ വീട്ടിനുള്ളിൽ കയറ്റാൻ കൂട്ടാക്കാതിരുന്ന ഇവർ, അദ്ദേഹത്തിന് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് മകളുടെ ജീവനിൽ ഭയം തോന്നിയ പിതാവ് പൊലീസിനെ സമീപിച്ച് പരാതി നൽകിയതും ക്രൂരത പുറത്തറിഞ്ഞതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363417/case-filed-against-husband-who-subjected-woman-to-domestic-violence-for-10-months)