---
title: "യുക്രെയ്നെ ചോരയിൽ മുക്കി റഷ്യൻ മിസൈലുകൾ; പാതിരാത്രിയിൽ പാർപ്പിട സമുച്ചയങ്ങൾ തകർത്തു, ഒൻപത് മരണം!"
english_title: "Russian missiles hit Ukrainian cities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363412/russian-missiles-hit-ukrainian-cities"
published_at: "2026-06-02T16:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ebdcecf386_24.jpg"
keywords: ["Latest News", "Ukraine-Russia War", "Nine Deaths", "Kyiv"]
---

# യുക്രെയ്നെ ചോരയിൽ മുക്കി റഷ്യൻ മിസൈലുകൾ; പാതിരാത്രിയിൽ പാർപ്പിട സമുച്ചയങ്ങൾ തകർത്തു, ഒൻപത് മരണം!

> **Lead Summary:** **കീവ്: [ **വൻതോതിലുള്ള റഷ്യൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം യുക്രെയ്ൻ നഗരങ്ങളെ ചോരയിൽ മുക്കി റഷ്യയുടെ കൂട്ട വ്യോമാക്രമണം.

## Article Content

**കീവ്: [ **വൻതോതിലുള്ള റഷ്യൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം യുക്രെയ്ൻ നഗരങ്ങളെ ചോരയിൽ മുക്കി റഷ്യയുടെ കൂട്ട വ്യോമാക്രമണം.

രാത്രി വൈകി ഉണ്ടായ അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ തിരിച്ചടികളിലൊന്നാണിത്.

റഷ്യൻ മിസൈലുകൾ പതിച്ച ഡനിപ്രോ നഗരത്തിൽ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയ്ൻ തലസ്ഥാനമായ കീവിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനവാസ മേഖലയിലെ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് ഇവിടെ റഷ്യൻ മിസൈലുകൾ പതിച്ചത്.

ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 51 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ആശങ്ക പ്രകടിപ്പിച്ചു.

നിലവിൽ ഇവിടെ സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെക്കുകിഴക്കൻ നഗരമായ സാപ്പോറീഷ്യയിലെ ഒരു പ്രമുഖ വ്യവസായശാലയ്ക്ക് നേരെയും റഷ്യൻ ബോംബാക്രമണമുണ്ടായെങ്കിലും ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം റഷ്യൻ ആക്രമണത്തിന് തിരിച്ചടിയായി റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്നും ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള ഷെകീനോ ഗ്രാമത്തിൽ സിവിലിയൻ വാഹനത്തിനു നേരെ ഉണ്ടായ ഈ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശം നാല് വർഷം പിന്നിടുമ്പോഴും യാതൊരു ശമനവുമില്ലാതെ തുടരുകയാണ്. ഇരുരാജ്യങ്ങളും പരസ്പരം അടിസ്ഥാന സൗകര്യങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചതോടെ യുദ്ധം കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാർഥികളാക്കുകയും ചെയ്ത ഈ മഹാദുരന്തം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെല്ലാം നിലവിൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363412/russian-missiles-hit-ukrainian-cities)