---
title: "രണ്ടിൽ കൂടുതൽ തവണ ചൂടാക്കരുത്! ഈ ഭക്ഷണങ്ങൾ വിഷമാകും"
english_title: "Don't reheat more than twice! These foods can be poisonous"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363394/dont-reheat-more-than-twice-these-foods-can-be-poisonous"
published_at: "2026-06-02T15:44:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eadcb0fce6_drtyhrt.jpg"
keywords: ["Health", "Reheat", "Food"]
---

# രണ്ടിൽ കൂടുതൽ തവണ ചൂടാക്കരുത്! ഈ ഭക്ഷണങ്ങൾ വിഷമാകും

> **Lead Summary:** **[** ഭക്ഷണം പാഴാക്കാതെ സൂക്ഷിക്കാൻ പലരും ചെയ്യുന്ന കാര്യമാണ് അത് ഫ്രിഡ്ജിൽ വെച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. എന്നാൽ, എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചില ഭക്ഷണങ്ങൾ രണ്ടിൽ കൂടുതൽ തവണ ചൂടാക്കുമ്പോൾ അതിൽ ബാക്ടീരിയകൾ വളരുകയും പോഷകഘടന മാറുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

## Article Content

**[** ഭക്ഷണം പാഴാക്കാതെ സൂക്ഷിക്കാൻ പലരും ചെയ്യുന്ന കാര്യമാണ് അത് ഫ്രിഡ്ജിൽ വെച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. എന്നാൽ, എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചില ഭക്ഷണങ്ങൾ രണ്ടിൽ കൂടുതൽ തവണ ചൂടാക്കുമ്പോൾ അതിൽ ബാക്ടീരിയകൾ വളരുകയും പോഷകഘടന മാറുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

രണ്ടിൽ കൂടുതൽ തവണ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:

**1. ചോറ്**

ചില വീടുകളിൽ ചോറുണ്ടാക്കിയാൽ രണ്ട് ദിവസം വരെ വീണ്ടും തിളപ്പിച്ചുപയോഗിക്കാറുണ്ട്. എന്നാൽ ചോറ് പലതവണ ചൂടാക്കുന്നത് ഒട്ടും നല്ലതല്ല. ചോറ് പാകം ചെയ്ത് കഴിഞ്ഞ് തുറന്ന പാത്രത്തിൽ കുറേ സമയം വെച്ചാൽ അതിൽ 'ബാസിലസ് സെറിയസ്' എന്ന ബാക്ടീരിയ വളരാൻ തുടങ്ങും. എത്ര തവണ ചൂടാക്കിയാലും ഈ ബാക്ടീരിയകൾ നശിക്കണമെന്നില്ല. ഇത് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും. അതിനാൽ ചോറ് വേവിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം.

**2. ചീരയും ബീറ്റ്‌റൂട്ടും**

ചീര, ബീറ്റ്‌റൂട്ട് തുടങ്ങിയ ഇലക്കറികളിലും പച്ചക്കറികളിലും ധാരാളം നൈട്രേറ്റുകൾ  അടങ്ങിയിട്ടുണ്ട്. ഇവ ആവർത്തിച്ച് ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ ശരീരത്തിന് ഹാനികരമായ നൈട്രൈറ്റുകളായി  മാറും. ഇതിന്റെ അമിതമായ അളവ് ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ടാണ് എപ്പോഴും പുതിയതായി പാചകം ചെയ്ത പച്ചക്കറികൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.

**3. ചിക്കനും മറ്റ് മാംസാഹാരങ്ങളും**

മാംസാഹാരം വീണ്ടും വീണ്ടും ചൂടാക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച് ചിക്കനിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇവ വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീന്റെ ഘടനയിൽ മാറ്റം വരികയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചിക്കൻ പുറത്തുവെച്ച് പലതവണ ചൂടാക്കുന്നതിന് പകരം, ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യമുള്ളപ്പോൾ മാത്രം കൃത്യമായ താപനിലയിൽ ചൂടാക്കി കഴിക്കുകയാണ് വേണ്ടത്.

**ഓർക്കുക: **ആരോഗ്യം നിലനിർത്താൻ എപ്പോഴും മിതമായ അളവിൽ മാത്രം ഭക്ഷണം പാകം ചെയ്യുകയും, ഫ്രഷ് ആയി കഴിക്കാൻ ശ്രമിക്കുകയും ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363394/dont-reheat-more-than-twice-these-foods-can-be-poisonous)