---
title: "പാറ്റകൾ കളി തുടങ്ങിയോ ...? 'ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു' ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി"
english_title: "Cockroach Janata Party with BJP-style announcement 'A prominent person is joining the party'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363378/cockroach-janata-party-with-bjp-style-announcement-a-prominent-person-is-joining-the-party"
published_at: "2026-06-02T14:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ea296c702b_cockroch.jpg"
keywords: ["Latest News", "Cockroach Janata Party", "CJP", "BJP"]
---

# പാറ്റകൾ കളി തുടങ്ങിയോ ...? 'ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു' ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി

> **Lead Summary:** **ദില്ലി: **ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്.

## Article Content

**ദില്ലി: **ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്.

ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്.

ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തും. ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒത്തുചേരലിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും പരിപാടി നടന്നിരുന്നില്ല. പോസ്റ്റര്‍ പ്രചാരണത്തിന് പിറകില്‍ ആരാണെന്നത് അടക്കം പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

‘കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മീറ്റ് അപ് കൊച്ചിയില്‍’ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിച്ചത്. സിജെപി സൗത്ത് ഇന്ത്യയുടെ പേരിലായിരുന്നു പോസ്റ്റര്‍.

കഴിഞ്ഞ ഞാറാഴ്ച വൈകീട്ട് 3ന് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരല്‍ നടക്കുമെന്നായിരുന്നു അറിയിപ്പ്. ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡും പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ മീറ്റ് അപ് നടന്നില്ല.

പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പൊലീസും സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മീറ്റ് അപിന് ശ്രമം നടത്തിയതെന്ന് കമ്മിഷണര്‍ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് സിജെപിയുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363378/cockroach-janata-party-with-bjp-style-announcement-a-prominent-person-is-joining-the-party)