---
title: "വിനോദയാത്രയ്ക്കിടെ ദുരന്തം; കഴുത്തിലൂടെ ടോയ് ട്രെയിനിന്റെ ടയർ കയറിയിറങ്ങി, രാജസ്ഥാനിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം "
english_title: "Five-year-old girl dies after falling from toy train while on excursion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363375/five-year-old-girl-dies-after-falling-from-toy-train-while-on-excursion"
published_at: "2026-06-02T14:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ea0832b49a_toi_train.jpg"
keywords: ["Latest News", "Child Death", "Toy Train", "Rajasthan"]
---

# വിനോദയാത്രയ്ക്കിടെ ദുരന്തം; കഴുത്തിലൂടെ ടോയ് ട്രെയിനിന്റെ ടയർ കയറിയിറങ്ങി, രാജസ്ഥാനിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ജോധ്പൂർ: **രാജസ്ഥാനിലെ മണ്ഡോർ ഗാർഡനിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനിൽ നിന്നും വീണ് ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു.

## Article Content

**ജോധ്പൂർ: **രാജസ്ഥാനിലെ മണ്ഡോർ ഗാർഡനിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനിൽ നിന്നും വീണ് ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരതോടെയായിരുന്നു അപകടം. അനയ്‌റ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് നൽകിയ പരാതി അനുസരിച്ച്, കുടുംബം ടോയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.

ഇതേത്തുടർന്ന് കുട്ടി സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.

ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹബീബിന്‍റെ അനന്തരവളായ മുസ്‌കാൻ (20) എന്ന യുവതിക്കും പരിക്കേറ്റു.

ഉടൻ തന്നെ ഇരുവരെയും മഥുരദാസ് മാത്തൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനയ്റ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ മുസ്‌കാനെ ചികിത്സയ്ക്ക് വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363375/five-year-old-girl-dies-after-falling-from-toy-train-while-on-excursion)