---
title: "'ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക, വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നു'' കോഴിക്കോട് ഇരട്ടക്കൊലപാതകം; 39 വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു"
english_title: "Kozhikode double murder, victim identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363359/kozhikode-double-murder-victim-identified-NEW-"
published_at: "2026-06-02T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e977d2741a_CRIMEKOZHIKKDE.jpg"
keywords: []
---

# 'ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക, വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നു'' കോഴിക്കോട് ഇരട്ടക്കൊലപാതകം; 39 വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** **കോഴിക്കോട്: **മുപ്പത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്. കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു.

## Article Content

**കോഴിക്കോട്: **മുപ്പത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്. കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു.

ഇരിട്ടി വെളിമാനം സ്വദേശി മോഹനനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. 1986 ഡിസംബറിലായിരുന്നു സംഭവമെന്നും വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയായിരുന്നു കൊല നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു.

കോഴിക്കോട് കൂടരഞ്ഞിയിലും വെള്ളയിലും രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയത്. 2025 ജൂണ്‍ അഞ്ചിന് വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കൂടരഞ്ഞിയിലെ കൊലപാതക വിവരം മുഹമ്മദലി വെളിപ്പെടുത്തിയത്.

പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്ക് ചവിട്ടിയിട്ട് കൊന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ആദ്യഘട്ട പരിശോധനയില്‍ പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് പത്രവാര്‍ത്തകളിലൂടെ ലഭിച്ച സൂചനകള്‍വെച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. ഒടുവില്‍ കൊല നടന്ന സ്ഥലവും രീതിയുമെല്ലാം പൊലീസ് കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ഇതിന് ശേഷമായിരുന്നു വെള്ളയില്‍ ബീച്ചില്‍വെച്ച് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയത്. 1989ലായിരുന്നു ആ സംഭവം. പണം തട്ടിപ്പറിച്ചയാളെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മുഹമ്മദലി പറഞ്ഞത്. കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോടെത്തി. അവിടെ ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഒരാള്‍ കയില്‍ നിന്ന് പണം തട്ടിപ്പറിച്ചത്.

അയാള്‍ വെള്ളയില്‍ ബീച്ച് പരിസത്തുള്ളതായി സുഹൃത്ത് 'കഞ്ചാവ് ബാബു' പറഞ്ഞു. താനും കഞ്ചാവ് ബാബുവും അവിടേയ്ക്ക് പോയി ഇക്കാര്യം ചോദിച്ചു. ബാബു അവനെ തല്ലിത്താഴെയിട്ട ശേഷം മണ്ണിലേക്ക് മുഖം പൂഴ്ത്തിവെച്ചു. താന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നുവെന്നും മുഹമ്മദലി പറഞ്ഞിരുന്നു. മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഏഴംഗ ക്രൈംബ്രാഞ്ച് സ്‌ക്വാഡിനെ രൂപീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363359/kozhikode-double-murder-victim-identified-NEW-)