---
title: "വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ"
english_title: "Two arrested in case of locking a young man in a room and burning him with a shovel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363284/two-arrested-in-case-of-locking-a-young-man-in-a-room-and-burning-him-with-a-shovel"
published_at: "2026-06-02T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: ["Latest News", "Kochi", "Arrest", "Rivalry"]
---

# വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** **കൊച്ചി: [**[ ]വാടകയ്ക്ക് നൽകിയ വീട്ടിൽനിന്ന് ആളെ ഒഴിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ വീട്ടുടമയായ മുപ്പത്തിനാലുകാരനെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.

## Article Content

**കൊച്ചി: [**[ ]വാടകയ്ക്ക് നൽകിയ വീട്ടിൽനിന്ന് ആളെ ഒഴിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ വീട്ടുടമയായ മുപ്പത്തിനാലുകാരനെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.

പോണേക്കര സ്വദേശികളായ സെജിൻ (35), അമൽഷ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ജോസഫ് ജോജു നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മേയ് 29-ന് വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം അരങ്ങേറിയത്. ആക്രമണത്തിനിരയായ യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ പഴുപ്പിച്ച ചട്ടുകം ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ചതായാണ് പരാതി.

പ്രതികളുടെ സുഹൃത്തായ ഒരാളായിരുന്നു അതിക്രമത്തിന് ഇരയായ യുവാവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാൽ ഇയാൾ ഒരു ക്രിമിനൽ കേസിൽ പ്രതിയാണെന്ന് വ്യക്തമായതോടെ വീട്ടുടമ മുൻകൈ എടുത്ത് ഇയാളെ അവിടെനിന്ന് ഒഴിപ്പിക്കുകയായിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് ഒടുവിൽ ക്രൂരമായ മർദ്ദനത്തിലും പീഡനത്തിലും കലാശിച്ചത്. ഒന്നാം പ്രതിയായ ജോജു വീട്ടുടമയെ സ്‌കൂട്ടറിൽ കയറ്റി സെജിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് അവിടെയുള്ള ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് പ്രതികൾ ക്രൂരത ആരംഭിച്ചത്.

പ്രതികൾ ചട്ടുകം അടുപ്പിൽ വെച്ച് ചൂടാക്കി യുവാവിന്റെ ശരീരത്തിൽ പലതവണ പൊള്ളിക്കുകയായിരുന്നു. യുവാവിന്റെ ഇടത് കൈയുടെ വിവിധ ഭാഗങ്ങളിലും ഇടത് കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

രണ്ടു മണിക്കൂറോളം നീണ്ട ക്രൂരപീഡനത്തിനൊടുവിൽ പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട വീട്ടുടമ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.

പ്രതികളും വീട്ടുടമയും തമ്മിൽ മറ്റ് തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ എന്തെങ്കിലും ഉണ്ടോയെന്നും ഈ തർക്കമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363284/two-arrested-in-case-of-locking-a-young-man-in-a-room-and-burning-him-with-a-shovel)