---
title: "ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ"
english_title: "Drug case suspect arrested in escape"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363283/drug-case-suspect-arrested-in-escape"
published_at: "2026-06-02T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116287ecf23_drugs_case.jpg"
keywords: ["Latest News", "Kozhikode", "Drugs Case", "Arrest"]
---

# ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [ **ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ ഒടുവിൽ പോലീസ് പിടിയിലായി.

## Article Content

**കോഴിക്കോട്: [ **ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ ഒടുവിൽ പോലീസ് പിടിയിലായി.

ആന്ധ്രപ്രദേശ് - കർണാടക അതിർത്തിയിൽവെച്ച് ഒരു ട്രെയിനിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ മേയ് 23-നായിരുന്നു മുക്കം പോലീസിന്റെ കസ്റ്റഡിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടത്.

ട്രെയിൻ മാർഗ്ഗം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽവെച്ചാണ് പോലീസിനെ കബളിപ്പിച്ചു ഹനീഫ ചാടിപ്പോയത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയ കേരള പോലീസ്, റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെയാണ് ഇയാളെ വീണ്ടും വലയിലാക്കിയത്.

ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘമായിരുന്നു പ്രതിയുമായി തെളിവെടുപ്പിന് പോയിരുന്നത്. നീലേശ്വരം പുല്ലമ്പാടി സ്വദേശിയായ മുഹമ്മദ് ഹനീഫ വാടകയ്‌ക്കെടുത്ത മുക്കം മണാശേരിയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്ന് കിലോയോളം വരുന്ന MDMA ശേഖരം പോലീസ് പിടികൂടിയത്.

ഇതിന് മുൻപ് 500 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണാശേരിയിലെ വീട്ടിൽ ഒളിപ്പിച്ചിരുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നിനെക്കുറിച്ച് വിവരം ലഭിച്ചതും പോലീസ് അത് കണ്ടെടുത്തതും.

കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് ഹനീഫയെ പിടികൂടിയിരുന്നത്. കേരളത്തിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഇയാളെ പോലീസ് ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു.

ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽനിന്ന് നാട്ടിലെത്തി വീണ്ടും വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

തുടർന്ന് ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് പോലീസിന് കനത്ത സുരക്ഷാവീഴ്ചയുണ്ടായതും പ്രതി രക്ഷപ്പെട്ടതും. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ വീണ്ടും പിടികൂടാൻ കഴിഞ്ഞത് പോലീസിന് ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363283/drug-case-suspect-arrested-in-escape)