---
title: "'ഇനിയും കപ്പ വേണം'; കട നടത്തുന്ന വയോധികയുടെ രണ്ടരപ്പവൻ മാല കവർന്ന യുവാവും യുവതിയും പിടിയിൽ"
english_title: "Young man and woman arrested for stealing two and a half paise necklace from elderly woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363280/young-man-and-woman-arrested-for-stealing-two-and-a-half-paise-necklace-from-elderly-woman"
published_at: "2026-06-02T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e55686e53e_robbery.jpg"
keywords: ["Latest News", "Robbery", "Kottayam", "Elderly women"]
---

# 'ഇനിയും കപ്പ വേണം'; കട നടത്തുന്ന വയോധികയുടെ രണ്ടരപ്പവൻ മാല കവർന്ന യുവാവും യുവതിയും പിടിയിൽ

> **Lead Summary:** **കോട്ടയം: [**കപ്പ വാങ്ങാനെന്ന വ്യാജേന കടയിലെത്തി വയോധികയുടെ രണ്ടര പവൻ മാല പൊട്ടിച്ച കേസിൽ യുവാവും പെൺസുഹൃത്തും പോലീസിന്റെ പിടിയിലായി.

## Article Content

**കോട്ടയം: [**കപ്പ വാങ്ങാനെന്ന വ്യാജേന കടയിലെത്തി വയോധികയുടെ രണ്ടര പവൻ മാല പൊട്ടിച്ച കേസിൽ യുവാവും പെൺസുഹൃത്തും പോലീസിന്റെ പിടിയിലായി.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറിച്ചി ഇത്തിത്താനം സ്വദേശി വിഷ്ണു അനിൽകുമാർ (36), സുഹൃത്തായ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി ധന്യ (41) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയ് 25-ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി ലീലാമ്മ രാജുവിന്റെ മാലയാണ് സ്‌കൂട്ടറിലെത്തിയ വിഷ്ണു കവർന്നത്. ജീവിത സമ്പാദ്യമായിരുന്ന മാല ദിവസങ്ങൾക്കകം തന്നെ കണ്ടെത്തി നൽകാനായത് പോലീസിനും വലിയ നേട്ടമായി.

കഴിഞ്ഞ 20 വർഷമായി ലീലാമ്മയും ഭർത്താവും ചേർന്ന് ഈ ഭാഗത്ത് കട നടത്തിവരികയാണ്. സംഭവദിവസം കട തുറന്നതിന് പിന്നാലെ സ്‌കൂട്ടറിലെത്തിയ പ്രതി ലീലാമ്മയോട് ചായ വാങ്ങി കുടിക്കുകയും തുടർന്ന് കപ്പ ആവശ്യപ്പെടുകയും ചെയ്തു.

മറ്റൊരാൾ കൂടി വരാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ സംസാരിച്ച് ഒരു മണിക്കൂറോളം ഇയാൾ കടയുടെ പരിസരത്ത് തന്നെ നിലയുറപ്പിച്ചു. തുടർന്ന് 'ഇനിയും കപ്പ വേണം' എന്ന് ആവശ്യപ്പെട്ടതോടെ കപ്പ എടുക്കാനായി ലീലാമ്മ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് പ്രതി മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ കടന്നുകളഞ്ഞത്.

വയോധികയും ഭർത്താവും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത വാകത്താനം പോലീസ് വാകത്താനം, ചിങ്ങവനം, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്.

ഹെൽമെറ്റ് ധരിച്ചയാൾ നീല സ്‌കൂട്ടർ നിർത്തി ഒരു സ്ത്രീയെ കയറ്റിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മേയ് 31-ന് വൈകുന്നേരത്തോടെ കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത് ഹെൽമെറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഒപ്പമുണ്ടായിരുന്ന സ്ത്രീ പുതുപ്പള്ളിയിലെ പെട്രോൾ പമ്പ് ജീവനക്കാരിയായ ധന്യയാണെന്ന് കണ്ടെത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയായ വിഷ്ണുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

വാകത്താനം ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363280/young-man-and-woman-arrested-for-stealing-two-and-a-half-paise-necklace-from-elderly-woman)