---
title: "കിരീടത്തിളക്കത്തിലും ആർസിബിക്ക് കനത്ത പ്രഹരം; അമ്പയർക്ക് നേരെ ഐസ് ബാഗ് എറിഞ്ഞു, ടിം ഡേവിഡിന് മത്സരത്തിൽ നിന്ന് വിലക്ക്"
english_title: "RCB, Tim David banned for one match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363277/rcb-tim-david-banned-for-one-match"
published_at: "2026-06-02T09:12:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e51c4124be_RCB.jpg"
keywords: ["Latest News", "Sports", "RCB", "Tim David"]
---

# കിരീടത്തിളക്കത്തിലും ആർസിബിക്ക് കനത്ത പ്രഹരം; അമ്പയർക്ക് നേരെ ഐസ് ബാഗ് എറിഞ്ഞു, ടിം ഡേവിഡിന് മത്സരത്തിൽ നിന്ന് വിലക്ക്

> **Lead Summary:** **അഹമ്മദാബാദ്: [ **ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ക്യാമ്പിലേക്ക് സന്തോഷ വാർത്തകൾക്കൊപ്പം ഒരു കനത്ത തിരിച്ചടിയും.

## Article Content

**അഹമ്മദാബാദ്: [ **ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ക്യാമ്പിലേക്ക് സന്തോഷ വാർത്തകൾക്കൊപ്പം ഒരു കനത്ത തിരിച്ചടിയും.

ആവേശം അണപൊട്ടിയ ഫൈനൽ പോരാട്ടത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞ ഓസ്ട്രേലിയൻ സൂപ്പർ താരം ടിം ഡേവിഡിനെതിരെ കടുത്ത അച്ചടക്ക നടപടിയാണ് ഐപിഎൽ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

ഒരു മത്സരത്തിലെ വിലക്കിനൊപ്പം മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത ഐപിഎൽ സീസണിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ആദ്യ മത്സരത്തിൽ സൂപ്പർ താരത്തിന് കളിക്കാനാകില്ല.

ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. വിക്കറ്റ് വീണതിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടയിലാണ് താരം അമ്പയർക്ക് നേരെ ഐസ് ബാഗ് എറിഞ്ഞത്.

കളിക്കളത്തിൽ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ സഹകളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തതെന്ന് കണ്ടെത്തി.

മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം കിരീടം നേടിയ ശേഷമുള്ള ആഘോഷങ്ങൾക്കിടെ ടിം ഡേവിഡ് ഐസ് പെട്ടി കോച്ച് ആൻഡി ഫ്ലവറിന്‍റെ തലയിലൂടെ കമിഴ്ത്തുകയും ചെയ്തിരുന്നു.

നടപ്പ് സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത് എന്നതും ശ്രദ്ധേയമാണ്. ടൂർണമെന്റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും അച്ചടക്കലംഘനത്തിന് താരം നേരത്തെ ഡിമെറിറ്റ് പോയിന്റുകൾ വാങ്ങിയിരുന്നു.

ഫൈനലിലെ മോശം പെരുമാറ്റത്തിലൂടെ 2 ഡിമെറിറ്റ് പോയിന്റ് കൂടി ലഭിച്ചതോടെ ഈ സീസണിൽ താരത്തിന്‍റെ ആകെ ഡിമെറിറ്റ് പോയിന്റ് അഞ്ചായി ഉയരുകയായിരുന്നു. ഐപിഎൽ നിയമപ്രകാരം അഞ്ച് ഡിമെറിറ്റ് പോയിന്റുകൾ തികയുന്ന കളിക്കാരന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും എന്ന നിബന്ധനയാണ് ഇപ്പോൾ താരത്തിന് വിനയായത്.

ഫൈനലിൽ വിരാട് കോലിക്കൊപ്പം ആർസിബിയെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിൽ ടിം ഡേവിഡ് നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബി 91 റൺസിന് 4 വിക്കറ്റ് നഷ്ടമായി പതറിയപ്പോഴാണ് ഡേവിഡ് ക്രീസിലെത്തിയത്.

കോലിക്കൊപ്പം 41 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ ഡേവിഡ് 17 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 24 റൺസാണ് അടിച്ചുകൂട്ടിയത്. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചെങ്കിലും ഗ്രൗണ്ടിലെ അനാവശ്യമായ മോശം പെരുമാറ്റം താരത്തിന് വലിയ തിരിച്ചടിയായി മാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363277/rcb-tim-david-banned-for-one-match)