---
title: "ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി"
english_title: "Husband commits suicide after hacking wife to death in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363273/husband-commits-suicide-after-hacking-wife-to-death-in-thrissur-NEW"
published_at: "2026-06-02T08:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f69d76d958d_blood_hand.jpg"
keywords: ["Husband", "Crime", "Thrissur", "suicide", "wife", "Death"]
---

# ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** **തൃശ്ശൂർ : ** തൃശ്ശൂരിൽ അതിഥി തൊഴിലാളിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . 

## Article Content

**തൃശ്ശൂർ : ** തൃശ്ശൂരിൽ അതിഥി തൊഴിലാളിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . 

കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.  തൃശൂർ ചാലക്കുടി പോട്ട വാഴക്കുന്നിലാണ് ബംഗാൾ സ്വദേശികളായ ഉമിത് (38), ഭാര്യ രാധ (32) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാധയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഉമിത് വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പത്തനംതിട്ട സ്വദേശിയായ താഴത്തേതിൽ ടിജോ എന്നയാളുടെ പോട്ടയിലുള്ള വീടിനോട് ചേർന്നുള്ള മറ്റൊരു ക്വാർട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. ടിജോയുടെ വീട്ടിലെ ജോലികളായിരുന്നു ഇവർ ചെയ്തിരുന്നത്. മൂന്ന് മാസം മുൻപാണ് ഇവർ ഇവിടെ ജോലിക്ക് എത്തിയത്. തുടർച്ചയായി രണ്ടുദിവസം ദമ്പതികളെ പുറത്തുകാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടിലെ കാവൽക്കാരൻ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. 

തിങ്കളാഴ്ച രാത്രി 12 മണിയോടെ എത്തിയ ചാലക്കുടി പൊലീസ്, വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ വാതിൽ തകർത്താണ് അകത്തുകയറിയത്. കിടപ്പുമുറിയിലെ കട്ടിലിൽ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.

രാധയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഉമിത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇരുവരും സ്ഥിരമായി മദ്യപിച്ച് വഴക്കിടാറുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പൊലീസിനോട് പറഞ്ഞു. ചാലക്കുടി, ആളൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363273/husband-commits-suicide-after-hacking-wife-to-death-in-thrissur-NEW)