---
title: "ഇതിപ്പോ ചോരകൊണ്ട് കളിയായി ....! സർജറി പേടിച്ച് ആശുപത്രി ജനൽ ചവിട്ടിപ്പൊട്ടിച്ച് ഓടി, മധ്യവയസ്കനെ കണ്ടെത്തിയത് രക്തം വാർന്ന നിലയിൽ വീടിന് മുകളിൽ"
english_title: "Surgery, Piles Surgery, Parassala Taluk Hospital,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363272/surgery-piles-surgery-parassala-taluk-hospital"
published_at: "2026-06-02T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e4d031da57_HAND.jpg"
keywords: []
---

# ഇതിപ്പോ ചോരകൊണ്ട് കളിയായി ....! സർജറി പേടിച്ച് ആശുപത്രി ജനൽ ചവിട്ടിപ്പൊട്ടിച്ച് ഓടി, മധ്യവയസ്കനെ കണ്ടെത്തിയത് രക്തം വാർന്ന നിലയിൽ വീടിന് മുകളിൽ

> **Lead Summary:** പാറശ്ശാല: പൈൽസ് സർജറിയെക്കുറിച്ചുള്ള ഭയം കാരണം അർദ്ധരാത്രിയിൽ താലൂക്ക് ആശുപത്രിയുടെ ജനൽ ചവിട്ടിപ്പൊട്ടിച്ച് കടന്നുകളഞ്ഞ അറുപത്തിയെട്ടുകാരനെ ഒടുവിൽ കണ്ടെത്തിയത് ചോരയൊലിപ്പിച്ച നിലയിൽ അയൽപക്കത്തെ വീടിന്റെ മുകളിൽ.

## Article Content

പാറശ്ശാല: പൈൽസ് സർജറിയെക്കുറിച്ചുള്ള ഭയം കാരണം അർദ്ധരാത്രിയിൽ താലൂക്ക് ആശുപത്രിയുടെ ജനൽ ചവിട്ടിപ്പൊട്ടിച്ച് കടന്നുകളഞ്ഞ അറുപത്തിയെട്ടുകാരനെ ഒടുവിൽ കണ്ടെത്തിയത് ചോരയൊലിപ്പിച്ച നിലയിൽ അയൽപക്കത്തെ വീടിന്റെ മുകളിൽ.

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പൈൽസ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന പനച്ചമൂട് സ്വദേശി മാത്യുവിനെയാണ് (68) നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. മാത്യുവിനെ തിങ്കളാഴ്ച പൈൽസിനു ശസ്ത്രക്രിയ നടത്തുന്നതിനായി ശനിയാഴ്ച പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ശസ്ത്രക്രിയ ഭയന്ന് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി മാത്യു ആശുപത്രിയുടെ ജനൽച്ചില്ല് ചവിട്ടിത്തകർത്ത് ആശുപത്രിയിൽനിന്ന് ഓടുകയായിരുന്നു. ജനൽ തകർക്കുന്ന ശബ്ദംകേട്ട് ജീവനക്കാർ ഓടിയെത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. ആശുപത്രി അധികൃതരുടെ പരാതിയിൽ പാറശ്ശാല പോലീസ് ആശുപത്രി പരിസരത്ത് പരിശോധന നടത്തി.

തിങ്കളാഴ്ച രാവിലെ കുറുങ്കൂട്ടിക്കു സമീപത്തെ ഒരു വീടിന്റെ മുകളിലേക്കുള്ള പടിക്കെട്ടിൽവെച്ചിരുന്ന വിറകുകൊള്ളികൾ സ്ഥാനംമാറി കിടക്കുന്നതുകണ്ട വീട്ടുകാർ ടെറസിൽ നടത്തിയ പരിശോധനയിൽ രക്തംവാർന്നനിലയിൽ മാത്യുവിനെ കണ്ടെത്തി.

ഞായറാഴ്ച ക്ഷേത്രപരിസരത്തു രക്തം കണ്ടെത്തിയ സംഭവം നടന്നതിനു സമീപത്തുള്ള വീട്ടിലാണ് രക്തംവാർന്നനിലയിൽ മാത്യുവിനെ കണ്ടെത്തിയത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി മാത്യുവിനെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽനിന്നു ചാടിപ്പോയ വ്യക്തിയാണെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363272/surgery-piles-surgery-parassala-taluk-hospital)