---
title: "ഞെട്ടിക്കുന്ന കള്ളക്കളി..! കാറിന്റെ 45 ലിറ്റർ ടാങ്കിൽ 52 ലിറ്റർ പെട്രോൾ നിറച്ച ബിൽ; പെട്രോൾ പമ്പിനെതിരെ പരാതിയുമായി യുവാവ്"
english_title: " Content Highlights:- The customer was cheated by filling the vehicle with more fuel than the maximum capacity of the fuel tank and paying the bill"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363239/content-highlights-the-customer-was-cheated-by-filling-the-vehicle-with-more-fuel-than-the-maximum-capacity-of-the-fuel-tank-and-paying-the-bill"
published_at: "2026-06-01T21:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1daec08d93e_bill.jpg"
keywords: ["Latest News", "Kanpur", "Petrol Pump Scam"]
---

# ഞെട്ടിക്കുന്ന കള്ളക്കളി..! കാറിന്റെ 45 ലിറ്റർ ടാങ്കിൽ 52 ലിറ്റർ പെട്രോൾ നിറച്ച ബിൽ; പെട്രോൾ പമ്പിനെതിരെ പരാതിയുമായി യുവാവ്

> **Lead Summary:** **കാൺപൂർ: **വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ അളവിൽ ഇന്ധനം നിറച്ച് ബില്ല് നൽകി ഉപഭോക്താവിനെ പറ്റിക്കാൻ ശ്രമിച്ച പെട്രോൾ പമ്പിനെതിരെ വൻ പ്രതിഷേധം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.

## Article Content

**കാൺപൂർ: **വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ അളവിൽ ഇന്ധനം നിറച്ച് ബില്ല് നൽകി ഉപഭോക്താവിനെ പറ്റിക്കാൻ ശ്രമിച്ച പെട്രോൾ പമ്പിനെതിരെ വൻ പ്രതിഷേധം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.

45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതായി കാണിച്ച് ബില്ല് നൽകിയതോടെയാണ് പമ്പിന്റെ തട്ടിപ്പ് വെളിച്ചത്തായത്. കാറുടമ അധികൃതർക്ക് പരാതി നൽകിയതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും പമ്പിലെ ഇന്ധന വിതരണ യന്ത്രങ്ങൾ അടിയന്തരമായി പരിശോധിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.

കാൺപൂ‍‍ർ സ്വദേശിയായ ചരൺ സിം​ഗാണ് തട്ടിപ്പിനിരയായത്. തന്റെ പുത്തൻ വോക്സ്‌വാഗൺ വിർട്ടസ് (Volkswagen Virtus) കാറുമായി അദ്ദേഹം പെട്രോൾ പമ്പിൽ എത്തിയതായിരുന്നു.

പെട്രോൾ കുറവാണെന്ന് ഫ്യുവൽ ഇൻഡിക്കേറ്ററിൽ കണ്ടതിനെ തുടർന്ന് ഫുൾ ടാങ്ക് എണ്ണ അടിക്കാൻ പറയുകയായിരുന്നു. ആദ്യം ജീവനക്കാർ ഏകദേശം 41 ലിറ്റർ ഇന്ധനം കാറിൽ നിറച്ചു.

എന്നിട്ട് പെട്ടെന്ന് നിർത്തി. എന്തിനാണ് പെട്രോൾ അടിക്കുന്നത് നിർത്തിയതെന്ന് ചരൺ ചോ​ദിച്ചപ്പോൾ കൂടിയ അളവിൽ ഇന്ധനം നിറയ്ക്കുമ്പോൾ രണ്ട് ഘട്ടങ്ങളായി മാത്രമേ പറ്റൂ എന്നായിരുന്നു മറുപടി. തുടർന്ന് അവർ വീണ്ടും പെട്രോൾ അടിക്കാൻ തുടങ്ങി. ടാങ്ക് നിറക്കുകയും ചെയ്തു.

ഇന്ധനം നിറച്ചതിന് ശേഷം ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് ചരൺ സിം​ഗ് ഞെട്ടിയത്. 52 ലിറ്റർ പെട്രോൾ അടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്റെ കാറിന്റെ ഫ്യുവൽ കപ്പാസിറ്റി അത്രയും ഇല്ലെന്നും പറഞ്ഞ് ചരൺ ജീവനക്കാരുമായി തർക്കത്തിലായി.

സംശയം തോന്നിയ കാറുടമ വോക്സ് വാ​ഗൺ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തുകയായിരുന്നു. കാറിന്റെ പെട്രോൾ ടാങ്കിൻ്റെ പരമാവധി ശേഷി 45 ലിറ്ററാണെന്ന് കമ്പനി പ്രതിനിധി ഔദ്യോ​ഗികമായി അറിയിക്കുകയായിരുന്നു.

എന്നാൽ, കൃത്യമായി മറുപടി നൽകാൻ പെട്രോൾ പമ്പ് അധികൃതർ തയ്യാറായില്ല. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പമ്പിൽ തട്ടിപ്പ് നടക്കുന്നതെന്ന് ആരോപിച്ച് ചരൺ സിംഗ് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പമ്പിലെ മെഷീനുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363239/content-highlights-the-customer-was-cheated-by-filling-the-vehicle-with-more-fuel-than-the-maximum-capacity-of-the-fuel-tank-and-paying-the-bill)