---
title: "ഭക്ഷണത്തിനിടയിലെ വെള്ളംകുടി ദഹനക്കേടുണ്ടാക്കുമോ? അറിയാം ഇതിന് പിന്നിലെ ശാസ്ത്രീയ സത്യങ്ങൾ"
english_title: "Does drinking water between meals cause indigestion? Know the scientific truth behind it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363212/does-drinking-water-between-meals-cause-indigestion-know-the-scientific-truth-behind-it"
published_at: "2026-06-01T17:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d75ef11513_DrinkingWater.jpg"
keywords: ["Health", "Drinking Water With Meals", "Health Tips", "Healthy Eating"]
---

# ഭക്ഷണത്തിനിടയിലെ വെള്ളംകുടി ദഹനക്കേടുണ്ടാക്കുമോ? അറിയാം ഇതിന് പിന്നിലെ ശാസ്ത്രീയ സത്യങ്ങൾ

> **Lead Summary:** ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ക്ക് ഇത് നിര്‍ബന്ധമാണെങ്കിൽ, മറ്റ് ചിലരാകട്ടെ ദഹനക്കേടും വയറ് വീര്‍ക്കലും ഉണ്ടാകുമെന്ന് ഭയന്ന് ഇത് പൂർണ്ണമായും ഒഴിവാക്കാറുമുണ്ട്. എന്നാൽ ശരിക്കും ഭക്ഷണം കഴിക്കുമ്പോള്‍ വെളളം കുടിക്കുന്നത് ആരോഗ്യകരമാണോ? ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാം.

## Article Content

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ക്ക് ഇത് നിര്‍ബന്ധമാണെങ്കിൽ, മറ്റ് ചിലരാകട്ടെ ദഹനക്കേടും വയറ് വീര്‍ക്കലും ഉണ്ടാകുമെന്ന് ഭയന്ന് ഇത് പൂർണ്ണമായും ഒഴിവാക്കാറുമുണ്ട്. എന്നാൽ ശരിക്കും ഭക്ഷണം കഴിക്കുമ്പോള്‍ വെളളം കുടിക്കുന്നത് ആരോഗ്യകരമാണോ? ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാം.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ അത് ആമാശയത്തിലെ ആസിഡിനേയും ദഹനരസങ്ങളേയും നേര്‍പ്പിക്കുകയും ദഹനപ്രക്രീയ പതുക്കെയാക്കുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍, ഈ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഭക്ഷണത്തിനിടയില്‍ മിതമായ അളവില്‍ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെയോ എന്‍സൈമുകളുടേയോ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കില്ല. ആവശ്യാനുസരണം ദഹനരസങ്ങൾ ഉത്പാദിപ്പിക്കാന്‍ നമ്മുടെ ശരീരത്തിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസപ്പെടുത്തില്ല. ഒന്നിച്ച് വലിയ അളവില്‍ വെള്ളം കുടിക്കുന്നതിന് പകരം, ചെറിയ അളവില്‍ സിപ്പ് ചെയ്ത് കുടിക്കുന്നതാണ് കൂടുതൽ ഗുണപ്രദം.

**ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ**

ഭക്ഷണം വിഴുങ്ങാന്‍ എളുപ്പമാക്കുന്നു: വരണ്ടതോ നാരുകള്‍ കൂടിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം വെള്ളം കുടിക്കുന്നത് ഭക്ഷണം മൃദുവാക്കാനും എളുപ്പത്തില്‍ തൊണ്ടയിലൂടെ ഇറക്കാനും സഹായിക്കും.

സുഗമമായ ദഹനം: ആമാശയത്തിലൂടെയും കുടലിലൂടെയും ഭക്ഷണം സുഗമമായി കടന്നുപോകാന്‍ വെള്ളംകുടി സഹായിക്കും.

അമിതാഹാരം ഒഴിവാക്കാം: ഭക്ഷണത്തിനിടയില്‍ കുറേശ്ശെ വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കുന്ന ശീലം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, ഇത് ശരീരത്തിന്റെ ദൈനംദിന ദ്രാവക ആവശ്യകത നിറവേറ്റാനും സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം: ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് മികച്ചൊരു ഓപ്ഷനാണ്. ഇത് അധിക കലോറി ഇല്ലാതെ തന്നെ വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. (ശ്രദ്ധിക്കുക: ശരീരഭാരം കൂട്ടാന്‍ ശ്രമിക്കുന്നവരാണെങ്കിൽ ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്ന അളവ് പരിമിതപ്പെടുത്തുന്നതാണ് നല്ലത്).

**ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍**

വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതി ആഹാരത്തോടൊപ്പം അമിതമായി കുടിക്കുന്നത് നല്ലതല്ല. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്നിച്ച് വലിയ അളവില്‍ വെള്ളം കുടിക്കുന്നതിന് പകരം ആവശ്യാനുസരണം പതുക്കെ സിപ്പ് ചെയ്ത് മാത്രം കുടിക്കുക.

ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത് സാധാരണ താപനിലയിലുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളമാണ്.

**ദഹനം മെച്ചപ്പെടുത്താൻ മറ്റ് ചില വഴികൾ**

**ആഹാരം നന്നായി ചവച്ചരച്ച് പതുക്കെ കഴിക്കുക.**

നാരുകള്‍ (Fibre) അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

**മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക.**

പ്രത്യേക ശ്രദ്ധയ്ക്ക്: നിങ്ങൾക്ക് അസിഡിറ്റി, ഗ്യാസ്, ഐബിഎസ് (IBS) അല്ലെങ്കിൽ വിട്ടുമാറാത്ത ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സ്വയം നിരീക്ഷിക്കുക. അതനുസരിച്ച് ശീലങ്ങള്‍ ക്രമീകരിക്കാം. ഭക്ഷണത്തിനിടയില്‍ വെള്ളം തീരെ കുടിക്കാതിരിക്കുകയോ, അല്ലെങ്കില്‍ അമിതമായി കുടിക്കുകയോ ചെയ്യുന്ന രണ്ട് അതിരുകടന്ന രീതികളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363212/does-drinking-water-between-meals-cause-indigestion-know-the-scientific-truth-behind-it)