---
title: "പെരുന്നാൾ ബീഫ് ബാക്കിയുണ്ടോ? എങ്കിൽ നാവിൽ വെള്ളമൂറുന്ന ബീഫ് അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം "
english_title: "How to make beef pickles soft at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363200/how-to-make-beef-pickles-soft-at-home"
published_at: "2026-06-01T16:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d6cddbb816_RSTERT.jpg"
keywords: ["COOKERY", "BEEF PICKLES", "HOME MADE"]
---

# പെരുന്നാൾ ബീഫ് ബാക്കിയുണ്ടോ? എങ്കിൽ നാവിൽ വെള്ളമൂറുന്ന ബീഫ് അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം 

> **Lead Summary:** **[** നല്ല ചൂട് ചോറിലേക്ക് ഒരു സ്പൂൺ എണ്ണ മയമുള്ള ബീഫ് അച്ചാറും കൂട്ടി കുഴച്ച് കഴിക്കുന്നത് ആലോചിച്ചിട്ടുണ്ടോ? ചോറിന്റെ അളവ് കൂടാൻ വേറെ ഒന്നും വേണ്ട! മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ നല്ല നാടൻ ബീഫ് അച്ചാർ റെസിപ്പി ഇതാ**

## Article Content

**[** നല്ല ചൂട് ചോറിലേക്ക് ഒരു സ്പൂൺ എണ്ണ മയമുള്ള ബീഫ് അച്ചാറും കൂട്ടി കുഴച്ച് കഴിക്കുന്നത് ആലോചിച്ചിട്ടുണ്ടോ? ചോറിന്റെ അളവ് കൂടാൻ വേറെ ഒന്നും വേണ്ട! മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ നല്ല നാടൻ ബീഫ് അച്ചാർ റെസിപ്പി ഇതാ**

ആവശ്യമായ ചേരുവകൾ **

ബീഫ് (ചെറിയ കഷണങ്ങളാക്കിയത്): അരക്കിലോ

വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ: വറുക്കാനും അച്ചാർ താളിക്കാനും ആവശ്യത്തിന്

ഇഞ്ചി (പൊടിയായി അരിഞ്ഞത്): രണ്ട് വലിയ സ്പൂൺ

വെളുത്തുള്ളി (അരിഞ്ഞത്): രണ്ട് വലിയ സ്പൂൺ

പച്ചമുളക് (വട്ടത്തിൽ അരിഞ്ഞത്): നാല് അല്ലെങ്കിൽ അഞ്ച് എണ്ണം

കറിവേപ്പില: മൂന്ന് തണ്ട്

കാശ്മീരി മുളകുപൊടി: മൂന്ന് വലിയ സ്പൂൺ (എരിവ് കൂടുതൽ വേണമെങ്കിൽ സാധാരണ മുളകുപൊടി ഒരു വലിയ സ്പൂൺ കൂടി ചേർക്കാം)

മഞ്ഞൾപ്പൊടി: അര ചെറിയ സ്പൂൺ

കുരുമുളകുപൊടി: ഒരു ചെറിയ സ്പൂൺ

ഉലുവപ്പൊടി: അര ചെറിയ സ്പൂൺ

കായപ്പൊടി: അര ചെറിയ സ്പൂൺ

ഗരം മസാല പൊടി: അര ചെറിയ സ്പൂൺ

വിനാഗിരി : കാൽ കപ്പ് മുതൽ അര കപ്പ് വരെ

ചൂടുവെള്ളം: കാൽ കപ്പ്

കടുക്: ഒരു ചെറിയ സ്പൂൺ

ഉപ്പ്: പാകത്തിന്

**ഉണ്ടാക്കുന്ന വിധം**

നന്നായി കഴുകി വൃത്തിയാക്കിയ ബീഫ് കഷണങ്ങളിലേക്ക് അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ചെറിയ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു പ്രഷർ കുക്കറിലിട്ട് വെള്ളം ചേർക്കാതെ മൂന്ന് അല്ലെങ്കിൽ നാല് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക (ബീഫിൽ നിന്ന് തന്നെ വെള്ളം ഇറങ്ങിവരും). വെന്ത ശേഷം കുക്കർ തുറന്ന് അതിൽ ബാക്കി നിൽക്കുന്ന വെള്ളം വറ്റിച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, വേവിച്ചു വെച്ചിരിക്കുന്ന ബീഫ് കഷണങ്ങൾ ഇട്ട് നന്നായി വറുത്തെടുക്കുക. ബീഫ് കരിഞ്ഞുപോകാതെ, നല്ല പാകത്തിന് മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക.

ബീഫ് വറുത്ത അതേ എണ്ണയിലേക്ക് ഒരു ചെറിയ സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. അതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.

തീ മീഡിയം തീയിൽ ശേഷം കാശ്മീരി മുളകുപൊടി, ഗരം മസാല, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ ഒരു മിനിറ്റ് വഴറ്റുക. പൊടികൾ കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മസാല മൂത്തു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ചൂടുവെള്ളവും വിനാഗിരിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് തിളച്ചു വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന ബീഫ് കഷണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചാറ് കുറുകി, എണ്ണ തെളിഞ്ഞു വരുമ്പോൾ തീ അണയ്ക്കാം.

സ്വാദിഷ്ടമായ നാടൻ ബീഫ് അച്ചാർ തയ്യാർ! ഇത് ചൂടാറിയ ശേഷം ഈർപ്പമില്ലാത്ത ഒരു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. വായുസഞ്ചാരമില്ലാത്ത കിച്ചൺ കാബിനറ്റിലോ കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിലോ സൂക്ഷിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363200/how-to-make-beef-pickles-soft-at-home)