---
title: " കൊടുംക്രൂരത ...! വീടിനു പുറത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി; ബിഹാറിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു"
english_title: "Muslim youth beaten to death by mob in Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363199/muslim-youth-beaten-to-death-by-mob-in-bihar-NEW"
published_at: "2026-06-01T16:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d6a9251da7_MURDER.jpg"
keywords: []
---

#  കൊടുംക്രൂരത ...! വീടിനു പുറത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി; ബിഹാറിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

> **Lead Summary:** **പട്ട്ന: ** മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷഹസാദ് അലിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ സിവാൻ ജില്ലയിലാണ് അതിക്രൂര കൊലപാതകം നടന്നത് . മേയ് 30ന് വീടിനു പുറത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ യുവാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബർഹാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവരാജ്പുർ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട ഷഹസാദ് അലി. പാചകക്കാരനായിരുന്നു.

## Article Content

**പട്ട്ന: ** മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷഹസാദ് അലിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ സിവാൻ ജില്ലയിലാണ് അതിക്രൂര കൊലപാതകം നടന്നത് . മേയ് 30ന് വീടിനു പുറത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ യുവാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബർഹാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവരാജ്പുർ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട ഷഹസാദ് അലി. പാചകക്കാരനായിരുന്നു.

ഒരു സംഘം ആളുകൾ വീട്ടിലെത്തി ഷഹസാദിനെ വിളിച്ചിറക്കുകയും ബലമായി കൊണ്ടുപോവുകയുമായിരുന്നുവെന്ന് ഭാര്യ മുബീന ഖാത്തൂൻ പറഞ്ഞു. അഞ്ചും ആറുകൾ ചേർന്നാണ് ഷഹസാദിനെ മർദ്ദിച്ചതെന്ന് അവർ പറഞ്ഞു.

ബൈക്കിൽ വരികയായിരുന്ന ഷഹസാദിനെ അക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരി ഭർത്താവ് നസീമ ഖാത്തൂനും വ്യക്തമാക്കി. ഷഹസാദിനെ മരത്തിൽ കെട്ടിയിട്ട് വടികൾ കൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ ഭാര്യ ആരോപിക്കുന്നു. ഷഹസാദിന്റെ കൈവശമുണ്ടായിരുന്ന 5,000 രൂപ അക്രമികൾ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

അമിത് ചൗധരി (അവദേഷ് ചൗധരി), പ്രമേന്ദ്ര മാഞ്ചി, ചത്തു മാഞ്ചി, അവധ് കിഷോർ ചൗധരി, ഗുഡ്ഡു മാഞ്ചി, രഞ്ജൻ ചൗധരി, മന്തു കുമാർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ എല്ലാവരും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്.

രണ്ടര മാസം മുമ്പ് ഷഹസാദിന്റെ മൂത്ത സഹോദരൻ നൗഷാദ് അലിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഈ കേസിൽ ഇതുവരെയും വ്യക്തമായ കണ്ടെത്തലുകളൊന്നും പുറത്തുവന്നിട്ടില്ല.

തന്റെ രണ്ട് മക്കളെയും നഷ്ടപ്പെട്ടെന്നും അവരുടെ കുടുംബത്തിന്റെ കാര്യം ഇനി ആര് നോക്കുമെന്നും ഷഹസാദിന്റെ പിതാവ് ഖയമുദീൻ ഷാ ചോദിക്കുന്നു. കുടുംബത്തിന് അധികൃതരിൽ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നും തങ്ങൾ ഭീഷണി നേരിടുകയാണെന്നും ഖയമുദീൻ ഷാ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363199/muslim-youth-beaten-to-death-by-mob-in-bihar-NEW)