---
title: "ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക്, ഗവർണർക്കായി വഴിതടഞ്ഞ് പൊലീസ്; സഹിക്കെട്ട് നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം"
english_title: "A young man protested by sitting in the middle of the road after being caught in a heavy traffic jam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363195/a-young-man-protested-by-sitting-in-the-middle-of-the-road-after-being-caught-in-a-heavy-traffic-jam"
published_at: "2026-06-01T16:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d6765c7525_A_young_man_protested.jpg"
keywords: ["Latest News", "Bengaluru Traffic", "Bengaluru Police"]
---

# ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക്, ഗവർണർക്കായി വഴിതടഞ്ഞ് പൊലീസ്; സഹിക്കെട്ട് നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം

> **Lead Summary:** ബം​ഗളൂരു: ​ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോയ യുവാവ് റോഡിൽ കുടുങ്ങി. അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

## Article Content

ബം​ഗളൂരു: ​ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോയ യുവാവ് റോഡിൽ കുടുങ്ങി. അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബം​ഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ​ഗവർണർ താവർചന്ദ് ​ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി 30 മിനിറ്റോളം ഈ റൂട്ടിൽ പൊലീസ് വാഹനം തടയുകയായിരുന്നു. ഈ സമയത്താണ് ​ഗർഭിണിയായ ഭാര്യയുമായി യുവാവ് ഇതുവഴിയെത്തിയത്.

അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമാണെന്ന് പറഞ്ഞിട്ട് പോലും വാഹനം കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. എച്ച്എഎൽ എയർപോർട്ടിൽ നിന്ന് ​ഗവർണർ പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനങ്ങൾ തടഞ്ഞിരുന്നു.

ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ​ഗതാ​ഗത നിയന്ത്രണത്തിൽ സഹിക്കെട്ട യുവാവ് ഐഎസ്ആർഒ ജംങ്ഷനിലെ സീബ്രാ ക്രോസിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തുടർന്ന് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഏറെ സമയം പൊലീസുമായി തർക്കിച്ചെങ്കിലും ​അവസാനം ​ഗവർണർക്ക് കടന്നുപോകാനായി യുവാവ് വഴിമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363195/a-young-man-protested-by-sitting-in-the-middle-of-the-road-after-being-caught-in-a-heavy-traffic-jam)