---
title: "'നമ്മൾ ഒന്നിച്ച് ശബ്ദിച്ചാൽ അവർ തീർച്ചയായും കേൾക്കും';  ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ആരംഭിക്കാൻ സിജെപി, സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക്"
english_title: " Content Highlights:- Social media group CoCroch Janata Party is preparing for a protest demanding the resignation of Union Education Minister Dharmendra Pradhan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363176/content-highlights-social-media-group-cocroch-janata-party-is-preparing-for-a-protest-demanding-the-resignation-of-union-education-minister-dharmendra-pradhan"
published_at: "2026-06-01T15:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d5a710762e_cjp.jpg"
keywords: ["Latest News", "COCKROACH JANATA PARTY", "CJP"]
---

# 'നമ്മൾ ഒന്നിച്ച് ശബ്ദിച്ചാൽ അവർ തീർച്ചയായും കേൾക്കും';  ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ആരംഭിക്കാൻ സിജെപി, സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക്

> **Lead Summary:** **ന്യൂഡൽഹി: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി സാമൂഹ്യമാധ്യമത്തിലെ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഡൽഹിയിലെത്തും.

## Article Content

**ന്യൂഡൽഹി: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി സാമൂഹ്യമാധ്യമത്തിലെ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഡൽഹിയിലെത്തും.

ജൂൺ ആറിന് താൻ ഇന്ത്യയിൽ എത്തുമെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽനിന്ന് നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും പ്രതിഷേധിക്കാൻ അനുമതി തേടുമെന്നും വീഡിയോയിൽ അഭിജിത് പറഞ്ഞു.

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപി സ്ഥാപകൻ അറിയിച്ചത്.

> "ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ നമുക്ക് ഒന്നിക്കാനുള്ള സമയമായി. സമാധാനപരമായി വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് വേണ്ടി ശബ്ദമുയർത്താം. നമ്മൾ ഒന്നിച്ച് ശബ്ദിച്ചാൽ അവർ തീർച്ചയായും കേൾക്കും", ദീപ്കെ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

> "ശനിയാഴ്ച രാവിലെ ഡൽഹിയിൽ എത്തിച്ചേരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. എന്നോടൊപ്പം നിങ്ങളും ഉണ്ടാകണം. അവിടെനിന്ന് നമുക്കൊരുമിച്ച് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകാം, ജന്ദർമന്ദറിൽവെച്ച് സമാധാനപരമായ പ്രതിഷേധം നടത്താൻ വേണ്ടിയുള്ള അനുമതിക്കുവേണ്ടി", അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് ദീപ്കെ നിലവിൽ ബോസ്റ്റണിലാണ് താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363176/content-highlights-social-media-group-cocroch-janata-party-is-preparing-for-a-protest-demanding-the-resignation-of-union-education-minister-dharmendra-pradhan)